കൊച്ചി : ഇബ്രാഹിം കുഞ്ഞിന്റെ ആരോഗ്യനില സംബന്ധിച്ച് മെഡിക്കൽ ബോർഡ് റിപ്പോർട്ട് തയ്യാറാക്കി. റിപ്പോർട്ട് തിങ്കളാഴ്ച ജില്ലാ മെഡിക്കൽ ഓഫീസർക്ക് കൈമാറും. ഡിഎംഒ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കും. ചൊവ്വാഴ്ചയാണ് ഇബ്രാഹിം കുഞ്ഞിന്റെ കസ്റ്റഡി, ജാമ്യാപേക്ഷകൾ മൂവാറ്റുപുഴ വിജിലൻസ് കോടതി പരിഗണിക്കുക.

പാലാരിവട്ടം പാലം അഴിമതി കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ഇബ്രാഹിം കുഞ്ഞിന്റെ ആരോഗ്യ നില ഇന്നലെ മെഡിക്കൽ ബോർഡ് സംഘം പരിശോധിച്ചിരുന്നു. ഇന്ന് മെഡിക്കൽ ബോർഡ് കൂടി ആരോഗ്യനില സംബന്ധിച്ച് റിപ്പോർട്ട് തയ്യാറാക്കി. റിപ്പോർട്ട് മെഡിക്കൽ ബോർഡ് നാളെ ജില്ലാ മെഡിക്കൽ ഓഫീസർക്ക് കൈമാറും. ഡിഎംഓ ഈ റിപ്പോർട്ട് ചൊവാഴ്ച മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ സമർപ്പിക്കും.

മെഡിക്കൽ റിപ്പോർട്ട് പരിശോധിച്ചതിന് ശേഷമായിരിക്കും കോടതി ഇബ്രാഹിം കുഞ്ഞിന്റെ കസ്റ്റഡി ജാമ്യാപേക്ഷകൾ പരിഗണിക്കുക. കോടതിയുടെ നിർദേശ പ്രകാരമായിരുന്നു മെഡിക്കൽ ബോർഡ് രൂപീകരിച്ചത്. എറണാകുളം ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. അനിതയുടെ നേതൃത്വത്തിവിലുള്ള മെഡിക്കൽ സംഘം ഇന്നലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തി പരിശോധനകൾ നടത്തുകയും ഡോക്ടർമാരുമായി ചർച്ച നടത്തുകയും ചെയ്തിരുന്നു. ഇബ്രാഹിം കുഞ്ഞിനെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റുന്നതിനുള്ള സാധ്യതകളും റിപ്പോർട്ടിൽ ഉൾപ്പെടും. ഇബ്രാഹിം കുഞ്ഞിനെ 4 ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്നായിരുന്നു വിജിലൻസ് കോടതിയിൽ ആവശ്യപ്പെട്ടിരുന്നത്. അദ്ദേഹത്തിന്റെ ആരോഗ്യനില പരിശോധിച്ച ശേഷം കസ്റ്റഡി ജാമ്യാപേക്ഷകൾ പരിഗണിക്കാമെന്നായിരുന്നു കോടതി മറുപടി.