ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് സിറാജിന്‍റെ പിതാവ് മുഹമ്മദ് ഗൗസ്(53) അന്തരിച്ചു. ശ്വാസകോശ രോഗത്തിന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. നിലവില്‍ ഓസ്ട്രേലിയയില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ അംഗമാണ് സിറാജ്. ഓസ്ട്രേലിയയിലെത്തി ക്വാറന്റീനില്‍ കഴിയുന്ന സിറാജിന് പിതാവിന്റെ അന്ത്യകര്‍മങ്ങളില്‍ പങ്കെടുക്കാനാകില്ലെന്നാണ് സൂചന.

‘നമ്മുടെ രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തണം എന്ന് പിതാവ് എപ്പോഴും എന്നോട് പറയുമായിരുന്നു. അത് ഞാന്‍ ഉറപ്പായും ചെയ്തിരിക്കും’ – സിറാജ് പ്രതികരിച്ചു.

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ എട്ട് റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്ത സിറാജ് രണ്ട് മെയ്ഡന്‍ ഓവറുകള്‍ എറിഞ്ഞ് റെക്കോര്‍ഡിട്ടിരുന്നു. ഇതിന് തൊട്ട് മുന്‍ ദിവസമാണ് ഗൗസിനെ അസുഖം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

എന്നാല്‍ കൊല്‍ക്കത്തയുമായുള്ള മത്സരം പൂര്‍ത്തിയായശേഷം വീട്ടിലേക്ക് വിളിച്ചപ്പോള്‍ പിതാവ് ആശുപത്രിയില്‍ നിന്ന് തിരിച്ചെത്തിയതായി അറിഞ്ഞുവെന്നും അതില്‍ സന്തോഷമുണ്ടെന്നും സിറാജ് പറഞ്ഞിരുന്നു.