കോട്ടയം | രണ്ടില ചിഹ്നം തങ്ങള്‍ക്ക് അനുവദിച്ചുകൊണ്ടുള്ള ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്ത് ജോസ് കെ മാണി. നുണകൊണ്ട് മറയ്ക്കാന്‍ ശ്രമിച്ചാലും സത്യം ആത്യന്തികമായി ജയിക്കുമെന്നതിന് തെളിവാണ് വിധിയെന്നും ജോസ് കെ മാണി പറഞ്ഞു. തദേശ തിരഞ്ഞെടുപ്പിലെ ആദ്യഘട്ട വിജയമായാണ് ഇതിനെ കാണുന്നതെന്നും ഇടത് മുന്നണിക്ക് ഈ വിധി കരുത്ത് പകരുമെന്നും അദ്ദേഹം പ്രതികരിച്ചു. കെ എം മാണിയുടെ പ്രസ്ഥാനത്തേയും ഭവനത്തേയും അപഹരിക്കാനുള്ള ശ്രമമാണ് പി ജെ ജോസഫ് നടത്തിയതെന്ന് ജോസ് കെ മാണി കുറ്റപ്പെടുത്തി.

അതേസമയം, വിധിക്കെതിരെ ഡിവിഷന്‍ ബഞ്ചിന് അപ്പീല്‍ നല്‍കുമെന്ന് പി ജെ ജോസഫ് വ്യക്തമാക്കി. ഹൈക്കോടതി വിധിക്കെതിരെ നിയമപോരാട്ടം തുടരുമെന്നും ചിഹ്നം തങ്ങള്‍ക്ക് തന്നെ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. വിധി തദ്ദേശ തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും ജോസഫ് കൂട്ടിച്ചേര്‍ത്തു.