ഐഎസ്എൽ ഏഴാം സീസണിൻ്റെ ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനു തോൽവി. ഫിജി ക്യാപ്റ്റൻ റോയ് കൃഷ്ണ നേടിയ ഒരു ഗോളാണ് മത്സരഫലം നിർണയിച്ചത്. മത്സരത്തിൻ്റെ സമസ്ത മേഖലകളിലും ആധിപത്യം പുലർത്തിയെങ്കിലും ഫിനിഷിംഗിലെ പോരായ്മകൾ ബ്ലാസ്റ്റേഴ്സിനു തിരിച്ചടിയാവുകയായിരുന്നു.

എടികെയുടെ വേഗതയ്ക്ക് മുന്നിൽ ബ്ലാസ്റ്റേഴ്സ് പരുങ്ങുന്നതാണ് ആദ്യ മിനിട്ടുകളിൽ കണ്ടത്. മൈക്കൽ സൂസൈരാജും റോയ് കൃഷ്ണയും എഡു ഗാർസ്യയുമൊക്കെ ബ്ലാസ്റ്റേഴ്സ് ഡിഫൻഡർമാരെ ഓടിത്തോല്പിച്ചു. എന്നാൽ, 14ആം മിനിട്ടിൽ മൈക്കൽ സൂസൈരാജ് പരുക്കേറ്റ് പുറത്തുപോയത് എടികെയ്ക്ക് തിരിച്ചടിയായി. പ്രശാന്തിൻ്റെ ഫൗളിലാണ് സൂസൈരാജിനു പരുക്കേറ്റത്. സുഭാഷിസ് ബോസ് ആണ് സൂസൈരാജിനു പകരം എത്തിയത്.

സാവധാനത്തിൽ ബ്ലാസ്റ്റേഴ്സ് ഗോളവസരങ്ങൾ തുറന്നെടുത്തതോടെ മത്സരം ആവേശകരമായി. എടികെയുടെ വേഗതയ്ക്ക് ചെറുപാസുകൾ കൊണ്ട് മറുപടി നൽകിയ മഞ്ഞപ്പട മികച്ച കളിയാണ് കെട്ടഴിച്ചത്. എങ്കിലും ഫൈനൽ തേർഡിലേക്ക് എണ്ണം പറഞ്ഞ ഒരു അറ്റാക്ക് നടത്താൻ എടികെ ഡിഫൻഡർമാർ ബ്ലാസ്റ്റേഴ്സിനെ അനുവദിച്ചില്ല. 34ആം മിനിട്ടിൽ എടികെയ്ക്കും 37ആം മിനിട്ടിൽ ബ്ലാസ്റ്റേഴ്സിനും ലഭിച്ച ഓരോ ചാൻസുകളായിരുന്നു മത്സരത്തിലെ സുവർണാവസരങ്ങൾ. എന്നാൽ ഇരു ടീമിനും സ്കോർ ചെയ്യാൻ കഴിഞ്ഞില്ല.

രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്സ് അല്പം കൂടി മികച്ചു നിന്നു. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ബ്ലാസ്റ്റേഴ്സ് പലതവണ എടികെ ഗോൾമുഖം റെയ്ഡ് ചെയ്തു. സഹൽ രണ്ട് തവണയും നോങ്ദാംബ നവോറം ഒരു തവണയും മികച്ച അവസരങ്ങൾ പാഴാക്കി. മികച്ച മുന്നേറ്റങ്ങളുമായി ബ്ലാസ്റ്റേഴ്സ് മത്സരത്തിൽ ആധിപത്യം പുലർത്തവെ മത്സരഗതിക്ക് പ്രതികൂലമായി എടികെ സ്കോർ ചെയ്തു. മൻവീർ സിംഗിൻ്റെ ക്രോസ് പൂർണമായി ക്ലിയർ ചെയ്യാൻ കഴിയാതെ പോയ ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിൻ്റെ പിഴവ് മുതലെടുത്ത് റോയ് കൃഷ്ണ അനായാസം അൽബീനോ ഗോമസിനെ കീഴ്പ്പെടുത്തി.

തിരിച്ചടിക്കാൻ ബ്ലാസ്റ്റേഴ്സ് കിണഞ്ഞു ശ്രമിച്ചു. സബ്സ്റ്റ്യൂട്ടുകളെ ഇറക്കി വിക്കൂന സമനില ഗോളിനു ശ്രമിച്ചെങ്കിലും എടികെ പ്രതിരോധം ഇളകിയില്ല.