കൊച്ചി: രാജ്യത്തെ മാനസികാരോഗ്യ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ സമൂഹത്തിനു മുന്നില്‍ അവതരിപ്പിച്ചു കൊണ്ട് എംപവര്‍ സ്ഥാപകയും ചെയര്‍പേഴ്സണുമായ നീരജ ബിര്‍ളയും ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചനും രംഗത്തെത്തി. എംപവറിന്‍റെ യുട്യൂബ്, ഫെയ്സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം പേജുകളിലൂടെയാണ് ഈ രംഗത്തെ യാഥാര്‍ത്ഥ്യങ്ങളെ സ്പര്‍ശിച്ചു കൊണ്ട് ഇരുവരും ചര്‍ച്ച നടത്തിയത്. മാനസികാരോഗ്യ രംഗവുമായി ബന്ധപ്പെട്ട യാഥാര്‍ത്ഥ്യങ്ങള്‍, വെല്ലുവിളികള്‍, ഇവ കൈകാര്യം ചെയ്യാന്‍ സമൂഹത്തിനു ചെയ്യാനാവുന്ന നീക്കങ്ങള്‍ തുടങ്ങിയവയെല്ലാം ചര്‍ച്ചയിലൂടെ അവതരിപ്പിച്ചു. പ്രേക്ഷകര്‍ക്ക് അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനായി അവസരവും നല്‍കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ആശങ്കകള്‍ അകറ്റാനുള്ള നീക്കവും ഈ ആശയവിനിമയത്തിലൂടെ നടത്തിയിട്ടുണ്ട്.

ഈ രംഗത്ത് ആശ്യാസ്യമായ നീക്കങ്ങളെ കുറിച്ചു സൂചന നല്‍കുന്നതു കൂടിയാണ് സുനോ ദേഖാ കഹോ എന്ന പേര്. ആവശ്യമായവര്‍ക്ക് അവര്‍ പറയുന്നതു കേള്‍ക്കാന്‍ വേണ്ടി നാം ശ്രദ്ധ കൊടുക്കുക, വ്യക്തികളുടെ ബുദ്ധിമുട്ടുകളും ലക്ഷണങ്ങളും കാണുക, അവരെ സഹായിക്കുകയും മാനസികാരോഗ്യത്തെ കുറിച്ചുള്ള അവബോധം പ്രചരിപ്പിക്കുകയും ചെയ്യുക തുടങ്ങിയവയാണ് ഈ പരിപാടിയിലൂടെ ഉദ്ദേശിക്കുന്നത്. വിദ്യാഭ്യാസത്തിന്‍റെ ആവശ്യകതയെ കുറിച്ചും മാനസികാരോഗ്യവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മനസിലാക്കുകയും അതിന്‍റെ ലക്ഷണങ്ങള്‍ കണ്ടെത്തുകയും ചെയ്യുന്നതിനെ കുറിച്ചും നീരജ ബിര്‍ളയും ബച്ചനും സംസാരിക്കുന്നുണ്ട്. മാനസികാരോഗ്യവുമായി ബന്ധപ്പെട്ട തെറ്റായ ധാരണകള്‍ മറികടന്ന് മുന്നോട്ടു വരേണ്ടതിനെ കുറിച്ചാണ് ഇവിടെ ഊന്നല്‍ നല്‍കിയിട്ടുള്ളത്. ബോധവല്‍ക്കരണത്തിന്‍റെ ആവ ശ്യകതയും ഇവിടെ ഉയര്‍ത്തിക്കാട്ടുന്നുണ്ട്.

മാനസികാരോഗ്യവുമായി ബന്ധപ്പെട്ട അന്ധവിശ്വാസങ്ങളെ മറികടക്കാനുള്ള ബോധവല്‍ക്കരണങ്ങളും ചര്‍ച്ചയിലൂടെ നടത്തുന്നുണ്ട്. ഇതു തങ്ങള്‍ക്കു താങ്ങാനാവില്ല എന്നതാണ് പലരിലുമുള്ള തെറ്റിദ്ധാരണ. എംപവറിന്‍റെ പ്രവര്‍ത്തനങ്ങളിലൂടെ സമുഹത്തിന്‍റെ വിവിധ തലങ്ങളിലുള്ളവരെ ഇക്കാര്യത്തില്‍ പിന്തുണക്കുകയും അഭിമാനത്തോടെ ജീവിക്കാന്‍ അവര്‍ക്ക് അവസരം നല്‍കുകയും ചെയ്തതിനെ കുറിച്ചും നീരജ ബിര്‍ള ചൂണ്ടിക്കാട്ടി.

ഇന്ത്യക്കാര്‍ തങ്ങളുടെ ജീവിതത്തില്‍ മനസിലാക്കിയിരിക്കേണ്ട നിരവധി ആരോഗ്യ പ്രശ്നങ്ങളെ കുറിച്ചു ബോധവല്‍ക്കരിക്കാന്‍ അമിതാഭ് ബച്ചന്‍ ദീര്‍ഘകാലമായി സഹകരിക്കുന്നുണ്ടെന്ന് എംപവര്‍ സ്ഥാപകയും ചെയര്‍പേഴ്സണുമായ നീരജ ബിര്‍ള ചൂണ്ടിക്കാട്ടി. ഇതുകൊണ്ടു തന്നെയാണ് ജനങ്ങള്‍ക്ക് ഏറെ തെറ്റിദ്ധാരണകളുള്ള മാനസികാരോഗ്യവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ബോധവല്‍ക്കരണത്തിന് അദ്ദേഹത്തിന്‍റെ സഹായം തേടി സമീപിച്ചത്. അദ്ദേഹം സന്‍മനസോടെ അതിനു തയ്യാറാകുകയും ചെയ്തു. ഈ കാമ്പെയിനു വേണ്ടി ബച്ചനുമായി സഹകരിക്കുവാന്‍ തങ്ങള്‍ക്കേറെ ആഹ്ലാദമുണ്ട്. മാനസികമായി മികച്ച രീതിയില്‍ തുടരുന്നതിനെ കുറിച്ചു ബോധവല്‍ക്കരിക്കാന്‍ ഇതു സഹായിക്കുകയും ചെയ്യും. സമൂഹത്തില്‍ ഏറെ പ്രധാന്യമുള്ള ഈ വിഷയത്തില്‍ അദ്ദേഹത്തെ പോലുള്ള ഒരു ഇതിഹാസവുമായി ചര്‍ച്ച നടത്താന്‍ അവസരം ലഭിച്ചത് ഒരു ബഹുമതിയാണെന്നും നീരജ ബിര്‍ള പറഞ്ഞു. അദ്ദേഹത്തിന്‍റേതു പോലുള്ള ശക്തമായൊരു ശബ്ദം ഇക്കാര്യം കൂടുതല്‍ മികച്ച രീതിയില്‍ ജനങ്ങളിലെത്തിക്കാന്‍ സഹായിക്കും. വെല്ലുവിളികള്‍ നിറഞ്ഞ ഇക്കാലത്ത് മാനസികാരോഗ്യത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ വളരെ പ്രധാനപ്പെട്ടതാണ്. സുനോ ദേഖോ കഹോ കാമ്പെയിന്‍ വഴി ജനങ്ങളെ ബോധവല്‍ക്കരിക്കാനും ഇന്ത്യയില്‍ മാനസികാരോഗ്യ സേവനങ്ങള്‍ ലഭ്യമാകുന്നതിനെ കുറിച്ച് അവര്‍ക്ക് മനസിലാക്കി കൊടക്കാനുമാണ് തങ്ങള്‍ ഉദ്ദേശിക്കുന്നതെന്നും നീരജ ബിര്‍ള പറഞ്ഞു.

ഒരു മാസം നീണ്ടു നില്‍ക്കുന്ന സുനോദേഖോകഹോ കാമ്പെയിനിലൂടെ ജനങ്ങളുടെ ശ്രദ്ധ ആകര്‍ഷിക്കുവാനും സംസാരിക്കുവാന്‍ പ്രേരിപ്പിക്കുവാനും സഹായം തേടാന്‍ ബോധവല്‍ക്കരിക്കുവാനുമാണ് ഉദ്ദേശിക്കുന്നത്. മാനസിക ആരോഗ്യവുമായി ബന്ധപ്പെട്ട ആശങ്കകള്‍ പരിഹരിക്കുവാനും സഹായം ആവശ്യമായവര്‍ക്കു പിന്തുണ നല്‍കാനും എംപവര്‍ ശ്രമിക്കും.