ന്യൂഡല്‍ഹി: ഏതു ഭീഷണിയെയും നേരിടാന്‍ ഇന്ത്യക്കൊപ്പം നില്‍ക്കുമെന്ന് ഉറപ്പുനല്‍കി സുപ്രധാനമായ ബി ഇ സി എ കരാറില്‍ ഒപ്പുവച്ച്‌ അമേരിക്ക. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ധാരണകള്‍ ശക്തിപ്പെടുത്തുന്നതാണ് ബേസിക് എക്‌സ്‌ചേഞ്ച് ആന്‍ഡ് കോഓപ്പറേഷന്‍ എഗ്രിമെന്റ് എന്ന ബി ഇ സി എ കരാര്‍. ഇതിന്റെ അടിസ്ഥാനത്തില്‍ ഉയര്‍ന്ന സൈനിക സാങ്കേതിക വിദ്യകളും വ്യോമഭൗമ മാപ്പുകളും ഇരുരാജ്യങ്ങളും ഇനി പങ്കുവയ‌്ക്കും.

ഇന്ത്യഅമേരിക്ക 2+2 ചര്‍ച്ചകള്‍ക്കു ശേഷമാണ് കരാറില്‍ ഒപ്പുവച്ചത്. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര്‍, അമേരിക്കയുടെ സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ, പ്രതിരോധ സെക്രട്ടറി മാര്‍ക്ക് എസ്‌പര്‍ എന്നിവരാണ് ന്യൂഡല്‍ഹിയില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തത്.
ചൈനയുടെ ഭാഗത്തു നിന്നു മാത്രമല്ല എല്ലാ തരത്തിലുമുള്ള ഭീഷണികള്‍ നേരിടുന്നതിനും ഇന്ത്യക്കൊപ്പം അമേരിക്കയുണ്ടാകുമെന്ന് മൈക്ക് പോംപിയോ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം സൈബര്‍ സുരക്ഷ വിഷയത്തില്‍ ഞങ്ങള്‍ (ഇന്ത്യയും അമേരിക്കയും) കൈകോര്‍ത്തിരുന്നു. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇരു രാജ്യങ്ങളുടെയും നാവിക ശക്തികള്‍ സംയുക്തമായി അഭ്യാസ പ്രകടനം നടത്തി. അത്തരത്തിലുള്ള ചുവടുവയ‌്പ്പുകള്‍ ഇനിയും ഉണ്ടാകുമെന്ന് പോംപിയോ പറഞ്ഞു. നിയമമോ ഭരണത്തിലെ സുതാര്യതയോ പാലിക്കാന്‍ ചൈനീസ് കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടി തയ്യാറാകുന്നില്ലെന്ന് അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി വിമര്‍ശിച്ചു.

ബി ഇ സി എ കരാര്‍ ഒപ്പുവയ്‌ക്കലിനെ നിര്‍ണായക നീക്കമെന്നാണ് രാജ്നാഥ് സിംഗ് വിശേഷിപ്പിച്ചത്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സൈനിക സഹകരണം മികച്ച രീതിയില്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.