പാലക്കാട്: വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതി തേടിയുള്ള മാതാപിതാക്കളുടെ സത്യാഗ്രഹം രണ്ടാം ദിനത്തില്‍. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ എന്നിവര്‍ ഇന്ന് രാവിലെ സമര പന്തലിലെത്തും. കേസിലെ പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള കോടതി വിധി വന്ന് ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന ഇന്നലെയാണ് സമരം ആരംഭിച്ചത്. നിരവധി സന്നദ്ധ സംഘടനകള്‍ സമരത്തിന് ഐക്യദാര്‍ഡ്യവുമായി എത്തുന്നുണ്ട്.

അതേസമയം സര്‍ക്കാരിന്റെ അലംഭാവം മൂലമാണ് നീതി വൈകുന്നതെന്നും കേസിന്റെ ശ്രദ്ധ തിരിച്ചുവിടാനാണ് വാളയാറിലെ മദ്യദുരന്തമെന്നും കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. മദ്യ ദുരന്തമുണ്ടായ ചെല്ലങ്കാവ് കോളനി ചെന്നിത്തല സന്ദര്‍ശിക്കും.

സര്‍ക്കാരിന് ഇരട്ടത്താപ്പാണെന്നാണ് ബിജെപി ആരോപണം. രാജ്യത്തെ ഞെട്ടിച്ച സംഭവത്തില്‍ ഈ സര്‍ക്കാര്‍ വേട്ടക്കാര്‍ക്കൊപ്പം നിന്ന് നീതി അട്ടിമറിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് രക്ഷിതാക്കള്‍ വീണ്ടുമൊരു സമരത്തിലേക്ക് കടന്നിരിക്കുന്നത്. ഉത്തരേന്ത്യയിലെ പീഡനങ്ങള്‍ മാത്രം കാണുന്ന സി.പി.എം കേന്ദ്രനേതൃത്വവും രാഹുല്‍ ഗാന്ധിയും കേരളത്തിലെ ദളിത് പെണ്‍കുട്ടികള്‍ നേരിട്ട ദുരവസ്ഥയെ പറ്റി മിണ്ടാത്തത് ഇരട്ടത്താപ്പാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

അതേസമയം കോടതി മേല്‍നോട്ടത്തിലുളള പുനരന്വേഷണമാണ് മാതാപിതാക്കളുടെ ആവശ്യം. നീതി ലഭിച്ചില്ലെങ്കില്‍ മരണം വരെ സത്യാഗ്രഹം തുടരുമെന്ന് അവര്‍ പറഞ്ഞു. 2019 ല്‍ വിധി വന്നശേഷം മുഖ്യമന്ത്രിയെ കണ്ടപ്പോള്‍ ഏതന്വേഷണത്തിനും കൂടെയുണ്ടാകുമെന്ന് നല്‍കിയ ഉറപ്പ് പാഴായി. അന്വേഷണത്തിന്റെ ഒരു ഘട്ടത്തില്‍ താന്‍ സ്വന്തം മകളെ കൊന്നെന്ന് സമ്മതിക്കാന്‍ പോലും സമ്മര്‍ദ്ദമുണ്ടായെന്ന് പെണ്‍കുട്ടികളുടെ അച്ഛന്‍ ആരോപിക്കുന്നു.

കുറ്റക്കാരായ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ശുപാര്‍ശ ചെയ്യുന്ന റിപ്പോര്‍ട്ട് നിലനില്‍ക്കെ, അന്വേഷണ മേധാവിയായ ഡി.വൈ.എസ്.പി സോജന് സ്ഥാനക്കയറ്റം നല്‍കിയത് അട്ടിമറിയാണെന്നും മാതാപിതാക്കള്‍ ആരോപിച്ചു. നീതി തേടി മുഖ്യമന്ത്രിയുടെ കാലില്‍ വീണിട്ടും ഫലമുണ്ടായില്ലല്ലോ, ഇനി ആരെ വിശ്വസിക്കണമെന്ന് പെണ്‍കുട്ടികളുടെ അമ്മ ചോദിക്കുന്നു.