തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് കോ-ഓര്‍ഡിനേറ്റിങ് എഡിറ്ററും ന്യൂസ് അവര്‍ അവതാരകനുമായ വിനു വി ജോണിനെതിരെ വിമര്‍ശനവുമായി ദീപാ നിശാന്ത്. ഫേസ്ബുക്ക് പോസ്റ്റുകളൊക്കെ നാട്ടുകാരിങ്ങനെ ചാനലില്‍ വായിക്കാന്‍ തുടങ്ങിയാല്‍ അദ്ദേഹത്തിനുണ്ടാകുന്ന ഭവിഷ്യത്തുകളെക്കുറിച്ച്‌ അദ്ദേഹം ആവലാതിപ്പെട്ടാല്‍ കുറ്റം പറയാനാവില്ലെന്നാണ് പഴയ ചില സംഭവങ്ങള്‍ ഓര്‍മ്മിച്ചു കൊണ്ട് ദീപ നിശാന്ത് ഫേസ്ബുക്കില്‍ കുറിച്ചത്.

4 കോളേജുകളില്‍ പഠിച്ചിട്ടുണ്ടെങ്കിലും ഒരിടത്തും ഒരു സംഘടനയുടേയും നേതാവായിട്ടില്ല. ആര്‍ക്കും വേണ്ടി മത്സരിച്ചിട്ടില്ലെന്നും സൈബര്‍ സഖാക്കളുടെ നുണഫാക്ടറികള്‍ ഉല്‍പ്പാദിപ്പിക്കുന്ന പെരുംനുണകള്‍ തെളിയിക്കാന്‍ ഇടത് പ്രവര്‍ത്തകരെ വിനു വി ജോണ്‍ നേരത്തെ വെല്ലുവിളിച്ചിരുന്നു. ഇതിന് പിന്നാലെ മിനിറ്റുകള്‍ക്കുള്ളില്‍ പണ്ട് അദ്ദേഹം മത്സരിച്ചതിന്‍്റെ തെളിവുമായി ആളുകളെത്തി. ഏതു ‘പണി’ നിര്‍ത്തുന്ന കാര്യമാണ് വിനു വി ജോണ്‍ ഉദ്ദേശിച്ചതെന്നറിയില്ല. അദ്ദേഹം പണ്ട് ചെയ്തിരുന്ന പണി തന്നെയാണ് ഇപ്പോഴും തുടരുന്നതെന്നും ദീപാ നിശാന്ത് ഫേസ്ബുക്കില്‍ കുറിക്കുന്നു. ദീപാ നിശാന്തിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

”4 കോളേജുകളില്‍ പഠിച്ചിട്ടുണ്ട്. ഒരിടത്തും ഒരു സംഘടനയുടേയും നേതാവായിട്ടില്ല. ആര്‍ക്കും വേണ്ടി മത്സരിച്ചിട്ടില്ല. സൈബര്‍ സഖാക്കളുടെ നുണഫാക്ടറികള്‍ ഉല്‍പ്പാദിപ്പിക്കുന്ന പെരുംനുണകള്‍ തെളിയിക്കാന്‍ നട്ടെല്ലുള്ള സി പി എം / ഡി വൈ എഫ് ഐ / എസ് എഫ് ഐ നേതാക്കളെ വെല്ലുവിളിക്കുന്നു. അന്ന് പണി നിര്‍ത്തും ” – വിനു വി ജോണ്‍ ഈ പോസ്റ്റിട്ട് മിനിറ്റുകള്‍ക്കുള്ളില്‍ പണ്ട് അദ്ദേഹം മത്സരിച്ചതിന്‍്റെ തെളിവുമായി ആളുകളെത്തി.

ഏതു ‘പണി’ നിര്‍ത്തുന്ന കാര്യമാണ് വിനു വി ജോണ്‍ ഉദ്ദേശിച്ചതെന്നറിയില്ല. അദ്ദേഹം പണ്ട് ചെയ്തിരുന്ന പണി തന്നെയാണ് ഇപ്പോഴും തുടരുന്നത്. ‘തന്തയ്ക്കുവിളി’യും ‘പിതൃശൂന്യ പരാമര്‍ശ’ങ്ങളുമായി അദ്ദേഹത്തിന്‍്റെ സംസ്കാരം ചാനലിലും അദ്ദേഹം ഇടപെടുന്ന മേഖലകളിലും നിരന്തരം പുറത്തു വരുന്നതായും കണ്ടിട്ടുണ്ട്.. അതില്‍ അതിശയിക്കാനൊന്നുമില്ല. അദ്ദേഹത്തെ തിരുത്താന്‍ ശ്രമിക്കേണ്ടതുമില്ല. ഫേസ്ബുക്ക് പോസ്റ്റുകളൊക്കെ നാട്ടുകാരിങ്ങനെ ചാനലില്‍ വായിക്കാന്‍ തുടങ്ങിയാല്‍ അദ്ദേഹത്തിനുണ്ടാകുന്ന ഭവിഷ്യത്തുകളെക്കുറിച്ച്‌ അദ്ദേഹം ആവലാതിപ്പെട്ടാല്‍ കുറ്റം പറയാനാവില്ല.

ഒരു പൊതുവേദിയില്‍ എങ്ങനെ പെരുമാറണമെന്ന് ഒരു നിശ്ചയവുമില്ലാത്ത ഇത്തരം സംസ്കാരശൂന്യരെ /വാര്‍ത്ത വായിക്കുന്നു എന്ന ‘വ്യാജേന’ അവരുപയോഗിക്കുന്ന വാചകങ്ങളെ / അവരുടെ അശ്ലീലപരാമര്‍ശങ്ങളെ / വ്യക്തിവിദ്വേഷങ്ങളെ /മനസ്സിലാക്കാനുള്ള ശേഷി ബോധമുള്ള മനുഷ്യര്‍ക്കുണ്ടാകട്ടെ എന്നു മാത്രം പ്രാര്‍ത്ഥിക്കാം.