സ്റ്റോക്‌ഹോം : ലോകരാജ്യങ്ങളിൽ നിന്നും കനത്ത തിരിച്ചടി നേരിട്ട് ചൈന. 5ജി നെറ്റ്‌വർക്ക് ശൃംഖല സ്ഥാപിക്കുന്നതിനായി ചൈനീസ് ടെലികോം കമ്പനികളിൽ നിന്നും വാങ്ങിയ ഉപകരണങ്ങൾ ഉപയോഗിക്കുന്നതിന് സ്വീഡൻ സർക്കാർ വിലക്കേർപ്പെടുത്തി. വൻകിട ടെലികോം കമ്പനികളായ വാവേ, ഇസെഡ്ടിസി എന്നിവരിൽ നിന്നും വാങ്ങിയ ഉപകരണങ്ങളാണ് ഉപയോഗിക്കരുതെന്ന് സർക്കാർ നിർദ്ദേശിച്ചത്.

ദേശീയ സുരക്ഷയെ മുൻനിർത്തിയാണ് ഉപകരണങ്ങൾക്ക് വിലക്കേർപ്പെടുത്തിയത് എന്നാണ് റിപ്പോർട്ടുകൾ. സ്വീഡനിലെ പോസ്റ്റ് ആന്റ് ടെലികോം അതോറിറ്റിയാണ് ചൈനീസ് കമ്പനികളുടെ ഉപകരണങ്ങൾ ഉപയോഗിക്കരുതെന്ന് കമ്പനികൾക്ക് നിർദ്ദേശം പുറപ്പെടുവിച്ചത്. 5ജി ശൃംഖല സ്ഥാപിക്കുന്നതിനായി വാവേ, ഇസെഡ്ടിസി എന്നിവരിൽ നിന്നും വാങ്ങിയ ഉപകരണങ്ങൾ ഉപയോഗിക്കരുത്. ഉപയോഗിച്ചവ ഉടൻ നീക്കം ചെയ്യണമെന്നും അതോറിറ്റി കമ്പനികൾക്ക് നൽകിയ നിർദ്ദേശത്തിൽ പറയുന്നു. അതേസമയം സ്വീഡന്റെ വിലക്ക് ചൈനയ്ക്ക് കനത്ത സാമ്പത്തിക തിരിച്ചടിയായി മാറിയിരിക്കുകയാണ്.

അടുത്തിടെ ചൈന സ്വീഡന് വലിയ ഭീഷണിയാണെന്ന് സ്വീഡൻ സൈനിക വക്താവ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ചൈനീസ് കമ്പനികൾക്ക് ഉപരോധം ഏർപ്പെടുത്തിയിരിക്കുന്നത്. 5ജി ശൃംഖലയ്ക്കായി ചൈനീസ് കമ്പനികളുടെ ഉപകരണങ്ങൾ ഇറക്കുമതി ചെയ്യുന്നതിനും സർക്കാർ വിലക്കേർപ്പെടുത്തിയിട്ടുണ്ടെന്നാണ് സൂചന.