ഫിലഡൽഫിയ: ഓർമ ഇന്റർ നാഷണൽ വെബ്സൈറ്റ്, മലയാളത്തിലെ ആദ്യ സാമൂഹിക റേഡിയോ ചാനലായ റേഡിയോ മാറ്റൊലിയുടെ സ്റ്റേഷൻ ഡയറക്ടറും പ്രശസ്ത മോട്ടിവേഷണൽ പ്രഭാഷകനുമായ ഫാ. ബിജൊ തോമസ് കറുകപ്പള്ളി ഉദ്ഘാടനം ചെയ്തു. ‘ഓർക്കൂട് ഒരു ഓർമക്കൂട്ട്’, യൂ ടൂ ബ്രൂട്ടസ്", " തൃശിവപേരൂർ ക്ളിപ്തം", " അരവിന്ദന്റെ അതിഥികൾ’, ‘ പ്രേമസൂത്രം’, ‘ ഉല്ലാസം’ എന്നീ ചലച്ചിത്രങ്ങളുടെ ഛായാഗ്രഹ നിർവഹണത്തിലൂടെ പ്രശസ്തനായ സിനിമാ ഛായഗ്രാഹകൻ സ്വരൂപ് ഫിലിപ്പ് മുഖ്യാതിഥി ആയിരുന്നു. സിബിച്ചൻ ചെമ്പ്ളായിലാണ് ormaglobal.com വെബ്സൈറ്റ് രൂപ കൽപ്പന ചെയ്തത്. പ്രസിഡന്റ് ഫാ. ഫിലിപ് മോഡയിൽ അധ്യക്ഷനായിരുന്നു. കുമാരി ഏഞ്ചൽ റോഷിൻ ഈശ്വരപ്രാർഥനാ ഗീതം ആലപിച്ചു. സെക്രട്ടറി റോഷിൻ പ്ളാമൂട്ടിൽ സ്വാഗതവും ട്രഷറർ ഫിലിപ്പോസ് ചെറിയാൻ നന്ദിയും പ്രകാശിപ്പിച്ചു.

ഇൻഡിവിജ്വലിസം എന്ന ‘അവനവനിസം’ മഹാമാരിയായി മാറിയിരിക്കുന്നു എന്ന് ഫാ. ബിജോ കറുകപ്പള്ളി ചൂണ്ടിക്കാണിച്ചു. “താൻ പോരിമാ സംസ്കാരം വിനാശകരമായ ദുരന്തങ്ങളെ മനുഷ്യ ജീവിതങ്ങളിലും ലോക സമാധാന രംഗത്തും വരുത്തിവയ്ക്കുന്നു. ഇതിനു പരിഹാരം കുടുംബമൂല്യങ്ങളുടെ സരക്ഷണം കൊണ്ടേ നേടാനാവൂ. ഒരേ കൂരയ്ക്കു കീഴിൽ ജീവിച്ച്, ഉള്ളതുകൊണ്ട് ഓണം പോലെ കഴിഞ്ഞിരുന്ന മലയാള കൂട്ടുകുടുംബങ്ങളുടെ പങ്കാളിത്ത ജീവിതശൈലിയെ സമുദ്ഘോഷിക്കുന്ന ‘ഓവർസീസ് റസിഡന്റ് മലയാളീസ് അസ്സോസിയേഷൻ ഇന്റർനാഷണൽ’, വിവിധ രാജ്യങ്ങളിൽ ശാഖകളെ വളർത്തി, ഗതകാല കേരള കുടുംബമൂല്യങ്ങളുടെ പ്രചാരകരായി പ്രവർത്തിക്കുന്നത് ആഗോള മലയാള ഐക്യത്തിന്റെ ആശാവഹമായ നിദർശനമാണ്.

കേരളത്തനിമയിലൂന്നി ഉന്നതമായ മാനുഷിക മൂല്യങ്ങൾക്ക് വ്യാപ്തിനൽകുക എന്ന ദൗത്യത്തോടെ 2009ൽ ആരംഭിച്ച്, അധ്വാനിക്കുന്നവരുടെയും ആദിമ മലയോരവാസികളുടെയും സ്വന്തം മാധ്യമമായി, റേഡിയോ മാറ്റൊലി പ്രവർത്തിക്കുന്നു. മലയാളത്തിലെ ആദ്യ സാമൂഹിക റേഡിയോയാണ് വയനാട്ടിൽ റേഡിയോ നിലയമുള്ള റേഡിയോ മാറ്റൊലി (Radio Mattoli (90.4 FM), a Community Radio Service (CRS) licensed by the Union Ministry of Information & Broadcasting, New Delhi).

അതേ പോലെ, ഓർമ ഇന്റർനാഷനലും മഹത്തായ മലയാള മൂല്യങ്ങൾക്ക് ആഗോള വ്യാപ്തി കുറിക്കുന്നതിന് ശ്രദ്ധ നൽകുന്നു എന്നത് ശ്ളാഘനീയമാണ് “ ഫാ.ബിജോ കറുകപ്പള്ളി പ്രസ്താവിച്ചു. ജോസ് ആറ്റുപുറം, സിബിച്ചൻ ചെമ്പ്ളായിൽ, ജോർജ് നടവയൽ, ജോർജ് ഓലിക്കൽ, അഗസ്റ്റിൻ ഷാജി രാമപുരം, അനിയൻ മൂലയിൽ, മാത്യൂ തരകൻ, തോമസ് പോൾ, ജേക്കബ് കോര, എന്നിവർ ആശംസകൾ നേർന്നു പ്രസംഗിച്ചു. ഓർമാ ഇന്റർ നാഷണലിന്റെ വിവിധ ചാപ്റ്ററുകളിൽ നിന്നും പ്രൊവിൻസുകളിൽ നിന്നും പ്രതിനിധികൾ വിഡിയോ കോൺഫറൻസിൽ പങ്കെടുത്തു.