കൊവിഡ് നിരക്ക് വര്‍ധിച്ചതില്‍ കേരളത്തിനെ വിമര്‍ശിച്ച കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്റെ പ്രതികരണത്തില്‍ വിശദീകരണവുമായി സംസ്ഥാന ആരോഗ്യമന്ത്രി കെ കെ ശൈലജ. കേരളത്തെ വിമര്‍ശിച്ചുവെന്നത് തെറ്റിദ്ധാരണജനകമാണെന്ന് മന്ത്രി.

കേന്ദ്ര മന്ത്രിയുമായി ഫോണില്‍ സംസാരിച്ചുവെന്നും ട്വീറ്റിലെ പരാമര്‍ശം തെറ്റായി വ്യാഖ്യാനിക്കപ്പെടുകയാണുണ്ടായതെന്ന് കേന്ദ്രമന്ത്രി പറഞ്ഞതായും കേരളത്തെ കുറ്റപ്പെടുത്തിയിട്ടില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

 

ഓണാഘോഷത്തിലെ വീഴ്ചകളാണ് ചൂണ്ടിക്കാട്ടിയതെന്നും കേരളത്തിനും ഇതേ നിലപാടാണെന്നും മന്ത്രി. ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ ഉള്ള നിര്‍ദേശമാണ് അദ്ദേഹം നല്‍കിയത്. ഇത് മുഖ്യമന്ത്രി പിണറായി വിജയനും നേരത്തെ പറഞ്ഞിരുന്നു. ഓണാക്കാലത്ത് സംഭവിച്ച വീഴ്ച മുഖ്യമന്ത്രി നേരത്തെ ചൂണ്ടിക്കാണിച്ചിരുന്നു. നവരാത്രി ആഘോഷ കാലത്ത് മറ്റ് സംസ്ഥാനങ്ങള്‍ ഇത് പാഠമാക്കണം എന്നാണ് മന്ത്രി പറഞ്ഞത്.

ഹൈക്കോടതി നിര്‍ദേശം ലംഘിച്ചും ആള്‍ക്കൂട്ടം ഉണ്ടായതും രോഗ വ്യാപനം വര്‍ധിപ്പിച്ചു. ട്വിറ്ററിലെ വിവാദ പരാമര്‍ശം നീക്കം ചെയ്യുമെന്ന് അറിയിച്ചതായും ശൈലജ. മെയ് മാസം മുതല്‍ ഇതുവരെ കേരളത്തിലെ മരണ നിരക്ക് താഴോട്ടാണ്. ഹ്രസ്വകാല സന്ദര്‍ശനത്തിന് വരുന്നവര്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൊണ്ടുവരണമെന്നും കേരളത്തിലെ കൊവിഡ് മുക്തി നിരക്ക് ഇന്ത്യയില്‍ ഏറ്റവും മികച്ചതെന്നും ആരോഗ്യമന്ത്രി.

അതേസമയം സംസ്ഥാനത്ത് ഇന്ന് 7631 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. മലപ്പുറം 1399, കോഴിക്കോട് 976, തൃശൂര്‍ 862, എറണാകുളം 730, തിരുവനന്തപുരം 685, കൊല്ലം 540, കോട്ടയം 514, കണ്ണൂര്‍ 462, ആലപ്പുഴ 385, പാലക്കാട് 342, കാസര്‍ഗോഡ് 251, പത്തനംതിട്ട 179, ഇടുക്കി 162, വയനാട് 144 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.