ബ്രഹ്മോസ് സൂപ്പര്‍ സോണിക് മിസൈല്‍ യുദ്ധക്കപ്പലില്‍ നിന്ന് വിജയകരമായി പരീക്ഷിച്ചു. പൊതുമേഖല പ്രതിരോധ ഗവേഷണ സ്ഥാപനം ഡിആര്‍ഡിഒയാണ് ഇക്കാര്യം അറിയിച്ചത്. ലക്ഷ്യത്തില്‍ നിന്ന് അല്‍പം പോലും മിസൈലിന്റെ സ്ഥാനം മാറിയില്ലെന്നും കൃത്യമായിരുന്നു പരീക്ഷണമെന്നും ഡിആര്‍ഡിഒ.

പരീക്ഷണം വിജയകരമായതില്‍ ഡിആര്‍ഡിഒയെയും ഇന്ത്യന്‍ നേവിയെയും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അഭിനന്ദിച്ചു. പല തരത്തില്‍ ബ്രഹ്മോസിനെ ഇന്ത്യന്‍ നാവിക സേനയ്ക്ക് ഉപയോഗിക്കാനുള്ള സാധ്യതയാണ് പരീക്ഷണത്തിലൂടെ തെളിയിച്ചതെന്നും പ്രതിരോധ മന്ത്രി.

അറബിക്കടലിലെ ലക്ഷ്യസ്ഥാനത്തേക്കായിരുന്നു മിസൈല്‍ വിക്ഷേപണം. ഐഎന്‍എസ് ചെന്നൈ യുദ്ധക്കപ്പലില്‍ നിന്നായിരുന്നു വിക്ഷേപണം നടത്തിയത്. ഇന്ത്യ സ്വന്തമായി നിര്‍മിച്ച കപ്പലാണ് ഐഎന്‍എസ് ചെന്നൈ. ബ്രഹ്മോസിന്റെ ഇപ്പോള്‍ നടന്ന പരീക്ഷണം കരയിലെ പോലെ തന്നെ കടലിലിലും ഉള്ള ശത്രുകേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ സഹായകമാകുമെന്നും അധികൃതര്‍. ഒഡീഷ തീരത്ത് സെപ്തംബര്‍ 30ന് ബ്രഹ്മോസ് പരിഷ്‌കരിച്ച പതിപ്പിന്റെ പരീക്ഷണം നടത്തിയിരുന്നു. അതും വിജയകരമായിരുന്നു.