ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ അര്‍ദ്ധ സെഞ്ചുറികള്‍ നേടിയ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കി ഡല്‍ഹി ക്യാപിറ്റല്‍സ് താരം ശിഖര്‍ ധവാന്‍. രാജസ്ഥാന്‍ റോയല്‍സിനെതിരെ വെറും 30 പന്തില്‍ സെഞ്ചുറി നേടിയ ശിഖര്‍ ധവാന്‍ ഐ.പി.എല്ലിലെ തന്റെ 39മത്തെ ഐ.പി.എല്‍ അര്‍ദ്ധസെഞ്ച്വറി സ്വന്തമാക്കിയിരുന്നു.

റോയല്‍ ചലഞ്ചേഴ്‌സ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി, മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ, ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം സുരേഷ് റെയ്ന എന്നിവരൊയോക്കെ മറികടന്നാണ് ഈ നേട്ടം ശിഖര്‍ ധവാന്‍ സ്വന്തമാക്കിയത്. വിരാട് കോഹ്‌ലി, രോഹിത് ശര്‍മ്മ, സുരേഷ് റെയ്ന എന്നിവര്‍ ഐ.പി.എല്ലില്‍ 38 അര്‍ദ്ധ സെഞ്ചുറികളാണ് നേടിയിട്ടുള്ളത്. 46 അര്‍ദ്ധ സെഞ്ചുറികള്‍ നേടിയ ഡേവിഡ് വാര്‍ണര്‍ ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ അര്‍ദ്ധ സെഞ്ചുറികള്‍ നേടിയ താരം.

മത്സരത്തില്‍ 33 പന്തില്‍ 57 റണ്‍സ് എടുത്ത ശിഖര്‍ ധവാന്റെ മികച്ച പ്രകടനത്തിന്റെ പിന്‍ബലത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് രാജസ്ഥാന്‍ റോയല്‍സിനെ 13 റണ്‍സിന് പരാജയപ്പെടുത്തിയിരുന്നു. ഐ.പി.എല്ലില്‍ ഇത് ശിഖര്‍ ധവാന്റെ തുടര്‍ച്ചയായ രണ്ടാമത്തെ അര്‍ദ്ധ സെഞ്ചുറിയായിരുന്നു. നേരത്തെ മുംബൈ ഇന്ത്യന്‍സിനെതിരെയുള്ള മത്സരത്തില്‍ ശിഖര്‍ ധവാന്‍ 52 പന്തില്‍ 69 റണ്‍സ് എടുത്തിരുന്നു.