സിയാറ്റിൽ (വാഷിങ്ടൻ) ∙ ഒക്ടോബർ 9 മുതൽ കാണാതായ യൂണിവേഴ്സിറ്റി ഓഫ് വാഷിങ്ടൻ ആന്ത്രോപോളജി പ്രഫസറും ഇന്ത്യൻ അമേരിക്കൻ വംശജനുമായ സാം ഡുബലിനെ (33) കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ വാഷിങ്ടൻ സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെന്റർ ഊർജ്ജിതമാക്കി.വാഷിങ്ടൻ സംസ്ഥാനത്തെ മൗണ്ട് റെയ്നിയറിനു സമീപം സിയാറ്റിൽ പാർക്കിൽ ഒക്ടോബർ 9നു രാത്രി ഹൈക്കിനു പോയതായിരുന്നു പ്രഫസർ.

അവസാനമായി കാണുമ്പോൾ നീല നിറത്തിലുള്ള ഫേയ്സ് ജാക്കറ്റും കണ്ണടയും ധരിച്ചിരുന്നതായി ഒക്ടോബർ 12ന് പുറത്തിറക്കിയ ബുള്ളറ്റിനിൽ പറയുന്നു. യുസി ലോ പ്രഫസറും സഹോദരിയുമായ വീണ ഡുബല്ലാണ് സഹോദരനെ കണ്ടെത്തുന്നതിനുള്ള സഹായ അഭ്യർഥന നടത്തിയിരിക്കുന്നത്

ഹൈക്കിങ്ങിനു പോയ രാത്രിയിൽ മഞ്ഞുവീഴ്ചയും മഴയും ഉണ്ടായിരുന്നതായി നാഷണൽ പാർക്ക് റേജർ കെവിൻ പറയുന്നു. വളരെ അപകടം പിടിച്ച കുത്തനെയുള്ള പ്രദേശമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഒക്ടോബർ 9 വരെ സാം ഉപയോഗിച്ചിരുന്ന സെൽഫോണിൽ നിന്നും സിഗ്നലുകൾ ലഭിച്ചിരുന്നു. ഒക്ടോബർ 13 ഉച്ചവരെ ഹെലികോപ്റ്ററുകൾ ഉപയോഗിച്ചു നടത്തിയ അന്വേഷണവും ഫലപ്രദമായില്ല. ഹൈക്കിനു പോകുമ്പോൾ നിരവധി ദിവസങ്ങൾക്കുള്ള ഭക്ഷണപദാർഥങ്ങൾ കരുതുക പതിവായിരുന്നുവെന്ന് സഹോദരി പറഞ്ഞു.

സംഭവത്തെ കുറിച്ചോ, സാമിനെ കുറിച്ചോ വിവരം ലഭിക്കുന്നവർ 360 569 6684 നമ്പറിൽ വിളിച്ചറിയിക്കണമെന്ന് അഭ്യർഥിച്ചിട്ടുണ്ട്.