കലിഫോര്‍ണിയ∙ ചെറുപ്പം, വാക്കുകളിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും ചുറ്റുമുള്ളവര്‍ക്ക് ഊര്‍ജം പകരുന്നയാള്‍. സൗമ്യമായ ഇടപെടലുകളിലൂടെ പ്രിയങ്കരന്‍. പ്രവര്‍ത്തന പരിചയവും നൈപുണ്യവും നേതൃത്വവും കൈമുതല്‍. സിജില്‍ പാലക്കലോടിയെ ചുരുങ്ങിയ വാക്കുകളില്‍ ഇങ്ങനെ വിശേഷിപ്പിക്കാം.

ഒരു പതിറ്റാണ്ടിലേറെയായി അമേരിക്കന്‍ മലയാളികളുടെ മുഖമുദ്രയായി നിലനില്‍ക്കുന്ന ഫോമയുടെ നേതൃസ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ സിജില്‍ പാലക്കലോടി മത്സരാര്‍ഥിയാകുമ്പോള്‍ അത് അര്‍ഹതയ്ക്കുള്ള അംഗീകാരംകൂടിയാണ്. പ്രത്യേകിച്ചും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള ശക്തമായ സാനിധ്യമെന്നതിന് സിജില്‍ അല്ലാതെ മറ്റൊരു ഉത്തരമില്ല. ജന്മനാട്ടിലും അമേരിക്കന്‍മലയാളികള്‍ക്കിടയിലും അത്രേമേല്‍ ചിരപരിചിതനാണ് സിജില്‍ പാലക്കലോടി എന്ന വ്യക്തിത്വം.

വടക്കേ അമേരിക്കയിലും ജന്മനാടായ കേരളത്തിലും സാംസ്‌കാരിക-സാമൂഹിക-സേവന കാരുണ്യ പ്രവര്‍ത്തനങ്ങളുമായി ഫോമ ഒരുപതിറ്റാണ്ടിലേറെയായി തലയുയര്‍ത്തി നില്‍ക്കുന്നു. ഫോമയുടെ ഈപ്രവര്‍ത്തനപഥങ്ങളില്‍ മുന്നിലും പിന്നിലും നിറസാനിധ്യമായി എപ്പോഴുമുണ്ട് സിജില്‍. ഇതുകൊണ്ടുതന്നെയാണ് ഫോമയുടെ കൂട്ടമായ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുവാന്‍ സിജിലിനെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിപ്പിക്കുന്നത്. അമേരിക്കയിലുടനീളം സാമൂഹിക -സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവമായ സിജില്‍ വിശാലമായ സുഹൃത്ത് വലയത്തിനുടമയുമാണ്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് സിജിലിനെ തെരഞ്ഞെടുക്കണമെന്ന അഭ്യര്‍ഥനയുമായി പ്രചരണം ഇതിനകം കൊടുമ്പിരികൊണ്ടുകഴിഞ്ഞു.

ജനനമല്ല കര്‍മമാണ് ഏതൊരാളുടെയും കാര്യത്തില്‍പൊതു പ്രസക്തിയുണ്ടാക്കുന്നത്. അവരുടെ കര്‍മങ്ങള്‍ അവരെ മാത്രം ബാധിക്കുന്നതല്ലെന്നും അത് സാമൂഹികമായ ചലനം സൃഷ്ടിക്കുകയും ചെയ്യുന്നുവെന്നതിന് ഉദാഹരണംകൂടിയാണ് സിജില്‍ പാലക്കലോടി. കാലിഫോര്‍ണിയ സ്റ്റേറ്റിന്റെ ഫിനാന്‍സ് മാനേജര്‍ ആയി ജോലി നോക്കുന്ന സിജിലിന് സംഘടനാമികവും നേതൃപാടവും ആവോളമുണ്ട്. വിവിധ സംഘടനകളുടെ ഭാരവാഹിയായി ആയിരുന്ന സിജിലിനെ നിലവില്‍ ഫോമയുടെ സോവനീര്‍ കമ്മിറ്റിയുടെ എഡിറ്റര്‍ സ്ഥാനവും നാഷണല്‍ കമ്മിറ്റി ഏല്‍പ്പിച്ചിട്ടുണ്ട്.

ഫോമയുടെ ആരംഭം മുതല്‍ സജീവ സാനിധ്യംകൂടിയാണ് സിജില്‍. കൂടാതെ വെസ്റ്റേണ്‍ റീജിയനില്‍ നിന്നുള്ള നാഷണല്‍ കമ്മിറ്റി അംഗവുമാണ്. നേതൃത്വത്തില്‍ ഒരിക്കലും ഉടഞ്ഞുപോകാത്ത വിശ്വാസൃതയും അനിതര സാധാരണമായ അര്‍പ്പണബുദ്ധിയുമാണ് സിജിലിന്റെ കൈമുതല്‍. ജന്മനാട്ടില്‍ മികവ് തെളിയിച്ച നേതൃപാടവം അമേരിക്കന്‍ ജീവിതത്തിലും തുടരുന്ന വ്യക്്തിത്വംകൂടിയാണ് ഇദ്ദേഹം. മാത്രമല്ല, സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റുമാണ് സിജില്‍ എന്നത് അദ്ദേഹത്തിന്റെ പ്രവര്‍ത്തനമികവിനുള്ള അംഗീകാരത്തെ അടയാളപ്പെടുത്തുന്നു.

സൗത്ത് ഫ്ളോറിഡയില്‍ നിന്നാണ് സിജില്‍ പാലക്കലോടി തന്റെ അമേരിക്കന്‍ ജീവിതം ആരംഭിക്കുന്നത്. മലയാളി മനസ് എന്ന മലയാളിവാരികയുടെ പത്രാധിപര്‍ ആയിരുന്ന സിജില്‍ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഫ്ളോറിഡ ചാപ്റ്റര്‍ പ്രഥമ പ്രസിഡന്റും നാഷണല്‍ ജോയിന്റ് ട്രഷറുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കൂടാതെ സൗത്ത് ഫ്ളോറിഡയിലെ പ്രമുഖ മലയാളി സംഘടനയായ നവകേരളയുടെ ജോയിന്റ് സെക്രട്ടറിയുമായി പ്രവര്‍ത്തിച്ചു. ഔദ്യോഗികമായി കാലിഫോര്‍ണിയയിലേക്ക് പ്രവര്‍ത്തനമേഖല മാറ്റിയ സിജില്‍ ഇവിടെയും സാമൂഹിക-സാസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവ സാനിധ്യമായി നിലകൊണ്ടു. സാക്രീമെന്റോ മലയാളി അസോസിയേഷന്‍ ട്രഷറര്‍ ആയിരുന്ന ഇദ്ദേഹം ഇപ്പോള്‍ സംഘടനയുടെ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനുമാണ്. അര്‍ഹതയ്ക്കുള്ള അംഗീകാരമായി തേടിയെത്തിയ നേതൃസ്ഥാനങ്ങള്‍ ഇനിയും അനവധിയുണ്ട്.

ഫോമ നാഷണല്‍ കമ്മിറ്റി മെമ്പര്‍ 2018-2020, സാക്രമെന്റോ റീജനല്‍ മലയാളി അസോസിയേഷന്‍ (സര്‍ഗം) മുന്‍ ചെയര്‍മാന്‍, പ്രസിഡന്റ്, സെക്രട്ടറി, ഫോമ വെസ്റ്റേണ്‍ റീജിയണ്‍ പ്രതിനിധി, സിറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് ഷിക്കാഗോ രൂപത പ്രസിഡന്റ്, ഗ്ലോബല്‍ കാത്തലിക് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി മെമ്പര്‍, ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് സാക്രമെന്റോ ബോര്‍ഡ് മെമ്പര്‍, മുന്‍ ട്രഷറര്‍, ഏഷ്യന്‍ പസഫിക് ഐലന്‍ഡര്‍ അമേരിക്കന്‍ പബ്ലിക് അഫയേഴ്സ് ഫോള്‍സം ചാപ്റ്റര്‍ ബോര്‍ഡ് മെമ്പര്‍, നവകേരള ആര്‍ട്സ് ക്ലബ് ഫ്ളോറിഡ മുന്‍ ജോയിന്റ് സെക്രട്ടറി, ചിക്കാഗോ രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ മെംബര്‍, കലിഫോര്‍ണിയ സ്റ്റേറ്റ് ഗവണ്‍മെന്റ് ഉദ്യോഗസ്ഥന്‍, കാലിഫോര്‍ണിയ ബ്ലാസ്റ്റേഴ്സ് ബോര്‍ഡ് മെമ്പറുമാണ് സിജില്‍.

സമൂഹത്തിന്റെ പുരോഗതിക്കായി മുതിര്‍ന്ന നേതാക്കളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച അനുഭവ സമ്പത്താണ് തന്റെ കൈമുതലെന്ന് സിജില്‍ പാലക്കലോടി പറയുന്നു. ഫോമയുടെ വൈസ് പ്രസിഡന്റ് സ്ഥാനം ലഭിച്ചാല്‍ പ്രവര്‍ത്തനപഥങ്ങളില്‍ അത് കൂടുതല്‍ ഉപകരിക്കുമെന്നാണ് അദ്ദേഹത്തിന്റെ വിശ്വാസം. അമേരിക്കയിലുടനീളമുള്ള ഫോമാ കുടുംബാംഗങ്ങളുടെ പൂര്‍ണമനസോടെയുള്ള പിന്തുണയും സഹകരണവും തനിക്ക് നല്‍കണമെന്നും സിജില്‍ പാലക്കലോടി അഭ്യര്‍ഥിക്കുന്നു. സിജില്‍ പാലക്കലോടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിത്വം ഇതിനകം തരംഗമായിട്ടുണ്ട്.

പുത്തന്‍ ആശയങ്ങളും ഫോമയുടെ ഉന്നതിക്കായി പ്രവര്‍ത്തിക്കുന്ന വ്യക്തിത്വമായും പുതുതലമുറയുടെ പ്രതീക്ഷയായിട്ടുമാണ് സിജില്‍ പാലക്കലോടിയെ എല്ലാവരും നോക്കികാണുന്നത്.