ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം തുടരുന്നതിനിടെ, കൂടുതല്‍ പാസഞ്ചര്‍ ട്രെയിനുകളുടെ സര്‍വീസ് പുനരാരംഭിക്കാന്‍ ഇന്ത്യന്‍ റെയില്‍വേ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍. നൂറിലധികം പാസഞ്ചര്‍ ട്രെയിനുകള്‍ കൂടി ഉടന്‍ സര്‍വീസ് പുനരാരംഭിക്കുമെന്ന പ്രഖ്യാപനം നടത്താന്‍ റെയില്‍വേ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

സംസ്ഥാനത്തിന് അകത്തും പുറത്തുമായി സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ അനുമതി നല്‍കാനാണ് നീക്കം. ലോക്ക്ഡൗണില്‍ തുടര്‍ച്ചയായി ഇളവുകള്‍ പ്രഖ്യാപിച്ച്‌ കൊണ്ട് പുറത്തുവിട്ട അണ്‍ലോക്ക് മാര്‍ഗനിര്‍ദേശത്തിന്റെ നാലാം ഘട്ടം അനുസരിച്ച്‌ നടപടികള്‍ വേഗത്തിലാക്കാനാണ് ഇന്ത്യന്‍ റെയില്‍വേ ആലോചിക്കുന്നത്. കൂടുതല്‍ പാസഞ്ചര്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നതിന് ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതി തേടിയിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ. പാസഞ്ചര്‍ ട്രെയിനുകള്‍ എല്ലാം സ്‌പെഷ്യല്‍ ട്രെയിനുകളായാണ് ഓടിക്കുക.

നിലവില്‍ 230 എക്‌സ്പ്രസ് ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. ഇതില്‍ 30 രാജധാനി ട്രെയിനുകളും ഉള്‍പ്പെടും. കൂടുതല്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങളുമായി കൂടിയാലോചനകള്‍ നടത്തിവരികയാണ്. പൊതുപരിപാടികള്‍ക്ക് അടക്കം കേന്ദ്ര സര്‍ക്കാര്‍ ഇളവ് അനുവദിച്ച പശ്ചാത്തലത്തിലാണ് കൂടുതല്‍ ട്രെയിനുകള്‍ ഓടിക്കുന്ന കാര്യത്തെ കുറിച്ച്‌ റെയില്‍വേ ആലോചന ആരംഭിച്ചത്.

കോവിഡ് വ്യാപനം തടയാന്‍ മാര്‍ച്ച്‌ 25ന് പ്രഖ്യാപിച്ച ലോക്ക്ഡൗണിനെ തുടര്‍ന്നാണ് എല്ലാ യാത്രാ തീവണ്ടികളുടെയും സര്‍വീസ് നിര്‍ത്തിവെച്ചത്. വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങി കിടക്കുന്ന ഇതര സംസ്ഥാനക്കാരെ അവരവരുടെ നാടുകളില്‍ എത്തിക്കുന്നതിന് പിന്നീട് ശ്രമിക് ട്രെയിനുകള്‍ ആരംഭിച്ചു.