സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സി സംഘം സെക്രട്ടേറിയറ്റിലെത്തിയത് മലയാളികള്‍ക്ക് നാണക്കേടാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മുഖ്യമന്ത്രി ഉടന്‍ രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യദ്രോഹക്കേസ് അന്വേഷിക്കാന്‍ എന്‍ഐഎ സംഘം സെക്രട്ടേറിയറ്റിന് അകത്തെത്തിയത് രാജ്യത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണെന്ന് അദ്ദേഹം പ്രസ്താവനയില്‍ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ഓഫീസില്‍ എന്‍ഐഎ കയറും മുമ്ബ് രാജിവെച്ച്‌ ഇറങ്ങി പോവാന്‍ അദ്ദേഹം തയ്യാറാവണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

ഇനിയും ഭരണത്തില്‍ കടിച്ചുത്തൂങ്ങുന്നത് കേരളത്തെ അപമാനിക്കുന്നതിന് തുല്ല്യമാണെന്ന് പിണറായി വിജയന്‍ മനസിലാക്കണം. സിസിടിവി ദൃശ്യങ്ങള്‍ ദേശീയ അന്വേഷണ ഏജന്‍സി ആവശ്യപ്പെട്ടിട്ടും സംസ്ഥാന സര്‍ക്കാര്‍ വിട്ടുകൊടുക്കാതിരുന്നത് അന്വേഷണം മുഖ്യമന്ത്രിയിലേക്ക് എത്തുമെന്ന് ഉറപ്പായതിനാലാണ്. പ്രോട്ടോകോള്‍ ഓഫീസിലെ ഫയല്‍ തീവെച്ച്‌ നശിപ്പിച്ചത് എന്തിനായിരുന്നെന്ന് ഇപ്പോള്‍ എല്ലാവര്‍ക്കും ബോധ്യമായി. ഇതും എന്‍ഐഎ പരിശോധിക്കുമെന്നാണ് കരുതുന്നതെന്നും കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തിന് എല്ലാസഹായവും ചെയ്യുമെന്ന് പറഞ്ഞ സര്‍ക്കാര്‍ തെളിവുകള്‍ നശിപ്പിക്കാനാണ് ശ്രമിച്ചതെന്നും സുരേന്ദ്രന്‍ പറഞ്ഞു.