ഇന്ന് ഉത്രാടമല്ലെ. ഉതിരാടപ്പാച്ചിലിൽ ജനം ആഹ്ലാദം കണ്ടെത്തേണ്ട ദിവസം.
വഴിയിലേക്ക് കണ്ണോടിച്ചിരുന്ന് ജാനകി ഓർത്തു.
എല്ലായ്പോഴും ഉള്ളത്ര തിരക്കുപോലും ഇല്ലെന്ന് തോന്നി.
അല്ലെങ്കിൽ ഈ പൂമുഖത്തിരിക്കുക വളരെ ബുദ്ധിമുട്ടാണ്. വാഹനങ്ങളുടെ ഹോർണടി, ആളുകളുടെ ഇടതടവില്ലാതുള്ള തിരക്ക്..
ഒന്നും ഇല്ല.. ആരോടും സുഖവിവരാന്വേഷണത്തിന് മറുപടി പറയേണ്ട ആവശ്യം പോലും ഇല്ല.
മുറ്റത്ത് അവിടവിടെ പൂത്തുനിൽക്കുന്ന ചെടികളിൽ വണ്ടുകൾ മൂളിപ്പറക്കുന്ന ശബ്ദം പോലും കേൾക്കാം..
പറന്നു പൊങ്ങുകയും താഴുകയും ചെയ്യുന്ന തുമ്പികളും പൂക്കളിൽ നിന്നും പൂക്കളിലേക്ക് പറന്നിറങ്ങുന്ന ചിത്രശലഭങ്ങളും ജാനകി ആദ്യം കാണുംപോലെ നോക്കിയിരുന്നു.
പൂക്കളമില്ലാതെ ശൂന്യമായ തിരുമുറ്റം..
മഹാബലി തമ്പുരാനെ എതിരേൽക്കാൻ ഒരുക്കങ്ങളുമില്ല, ആളും ആരവവും ഇല്ലാത്ത ഈ മുറ്റവും പൂമുഖവും..
ആകെ ശൂന്യത കളിയാടുന്ന അന്തരീക്ഷം.
മുത്തശ്ശി ഓണത്തിന്റെ കഥപറഞ്ഞു തരുവോ?
കഥകേൾക്കാനിഷ്ടമുള്ള ശിവന്യമോളുടെ ശബ്ദം കേട്ട് ജാനകി തിരിഞ്ഞു നോക്കി..
മുഖത്തു വിടർന്ന സന്തോഷം ഒരു നിമിഷം കൊണ്ട് ഇല്ലാതായി..
താനല്ലാതെ ഇവിടെ ആരുമില്ലല്ലൊ എന്ന തിരിച്ചറിവ് നൊമ്പരമായി..
കഴിഞ്ഞ വർഷം ഇതേ സമയം മുറ്റം നിറയെ ഓടി നടന്ന കൊച്ചുമക്കൾ..
അടുക്കളയിൽ വറുക്കുന്നതിന്റെയും പൊരിക്കുന്നതിന്റെയും മണം..
മിക്സിയുടെ മൂളൽ..
പൂക്കളങ്ങളിൽ പാറിനടക്കുന്ന പ്രാണികൾ..
മാവേലി വേഷം കെട്ടിയെത്തുന്ന കൊച്ചുമകൻ ശരത്.
മാവേലിയെ സ്വീകരിക്കാൻ ഉത്സാഹത്തോടെ ഓടിനടക്കുന്ന മറ്റു കുട്ടികൾ..
കോവിഡ് എന്ന മഹാമാരി കവർന്നെടുത്തത് തന്റെ മാത്രമല്ല പലരുടെയും സന്തോഷങ്ങളാണ്.
ഓണത്തിന് വരാം എന്ന് വാക്കു തന്നു വിമാനം കയറിയ മക്കളും കൊച്ചുമക്കളും…
വരാനാകാതെ മറുനാട്ടിൽ..
മനസ്സിൽ വേദന കൂടുകൂട്ടിയപ്പോൾ ഈ വലിയ വീടിന്റെ മതിൽ കെട്ടിനുള്ളിൽ താൻ വെറുമൊരു കാവൽക്കാരി ആണെന്ന് തോന്നിയപ്പോൾ ജാനകി വെറുതെ പറമ്പിലേക്കു നടന്നു..
ഈ വർഷം തൊടിനിറയെ പൂത്തുലഞ്ഞു കാറ്റിലാടുന്ന തുമ്പയും മുക്കുറ്റിയും..
ഓണമാകണമ്പോൾ പൂക്കളം തീർക്കാൻ പൂക്കൂടയുമായി കൂട്ടുകാരോടൊത്തു പാടത്തും പറമ്പിലും നടന്ന തന്റെ ബാല്യ കൗമാര കാഴ്ചകൾ ഓർത്തു.
അന്നു മുതൽ രണ്ടു വർഷം മുൻപു വരെ കൂടെ ഉണ്ടായിരുന്ന കളിക്കൂട്ടൂകാരൻ തന്റെ ജീവിതത്തിന്റെ അമരക്കാരൻ മാധവേട്ടന്റെ കുഴിമാടത്തിലേക്ക് നടന്നു.
ജാനൂട്ടി.. ഒറ്റക്കല്ലല്ലോ? ഞാനില്ലെ കൂടെ..
ഈ തുമ്പയും മുക്കൂറ്റിയും നമ്മുടെ സ്വപ്നങ്ങളുടെ കൂട്ടുകാരല്ലെ?
ജാനകി അവരെ കരങ്ങളിലാക്കി തഴുകി..
മാധവേട്ടനോടു എപ്പോഴും ചോദിച്ചിരുന്ന ഒരു ചോദ്യം ഉണ്ടായിരുന്നു.
തുമ്പയ്ക്കെന്താണിത്ര പ്രത്യേകത?
മാധവേട്ടനെന്നും ഒരു മറുപടിയെ ഉണ്ടായിരുന്നുള്ളു.
ജാനൂട്ടി ഈ തുമ്പപ്പൂവ് നിന്നെപ്പോലെ ആണ്..
വെളുത്ത് നൈർമ്മല്യമുള്ള പൂവുകൾ..
ജാനകി മാധവന്റെ നാണം കുണുങ്ങി ജാനൂട്ടി ആയിമാറി..
മുഖം നാണം കൊണ്ടു ചുവന്നു..
ഒരിളം കാറ്റ് തഴുകിപ്പോകുമ്പോൾ മനസ്സിലെ നൊമ്പരം അലിഞ്ഞില്ലാതാവുകയായിരുന്നു..
വീണ്ടും കാഴ്ച പൂവുകളിലേക്കെത്തി.
എന്നും പൂക്കളത്തിന് തുമ്പയും മുക്കൂറ്റിയും രാജ്ഞിമാരായി.
പൂക്കളം തിരുമുറ്റത്തില്ലെങ്കിലും തൊടിയിൽ നിറയെ വസന്തം
നിറഞ്ഞു നിൽക്കുന്നു..
മൂവാണ്ടൻ മാവിനു വല്ലാത്ത പരിഭവമാണെന്നു തോന്നി.
ഊഞ്ഞാലുമില്ല.. ഊഞ്ഞാലാടാൻ കുട്ടികളുമില്ല.. ഊഞ്ഞാൽ പാട്ടുമില്ല..
എന്താ ചെയ്യുക? അടുത്ത ഓണത്തിന് ശിവന്യ മോൾക്ക് കഥ പറഞ്ഞു കൊടുക്കാൻ ഉണ്ടാകുമോ എന്നറിയില്ല.
ഒരു പുള്ളിക്കുയിൽ പാട്ടെവിടെ നിന്നോ ഒഴുകിയെത്തി..
കുടെ മറുപാട്ടുപാടാൻ കുസൃതികളൊന്നും എത്തിയിട്ടില്ലല്ലോ കുയിലമ്മേ.
വൈകിട്ടാകുമ്പോഴേക്കും എത്താമെന്നു പറഞ്ഞു പോയ ജോലിക്കാരി പെൺകുട്ടിയും എത്തിയിട്ടില്ല.
അയൽ വീടുകളിലും സ്ഥിതി മറിച്ചല്ല.
ജാനകി വീണ്ടും പൂമുഖത്തെത്തി..
മുത്തശ്ശി..
വീണ്ടും ശിവന്യമോളുടെ ശബ്ദം..
മാവേലി വന്നിട്ട് എന്താണ് മുത്തശ്ശി സന്തോഷം ഇല്ലെ?
ജാനകിക്ക് കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല.. മുന്നിൽ മക്കളും കൊച്ചുമക്കളും..
പൊട്ടിവന്ന സന്തോഷ കണ്ണുനീർ കണ്ടപ്പോൾ മകൻ കളിയായി രാമപുരത്തു വാര്യരുടെ ഇരുപത്തിനാലു വൃത്തം വഞ്ചിപ്പാട്ട് പാടാൻ തുടങ്ങി..
എന്തു കൊണ്ടോ ശൗരി കണ്ണു നീരണിഞ്ഞു..
കരച്ചിൽ ചിരിയിലേക്ക് വഴിമാറിയപ്പോൾ കണ്ണുകളിലെ ചോദ്യം തിരിച്ചറിഞ്ഞ് മകൻ പറഞ്ഞു
ഞങ്ങൾ നാട്ടിലെത്തിയിട്ട് രണ്ടാഴ്ച കഴിഞ്ഞു..
ശിഖ (മരുമകൾ) യുടെ വീട്ടിൽ കഴിഞ്ഞു.
മുത്തശ്ശിക്കൊരു സർപ്രൈസ് തരാനാണ് പറയാതിരുന്നത്. ശരത് മോൻ പറഞ്ഞു.
അമ്മയോടൊപ്പം ഓണം കൂടാൻ ശിവന്യമോൾക്കാണ് ഏറെ ഇഷ്ടം..
മുത്തശ്ശിയുടെ മഹാബലി കഥ കേട്ട് തിരുവാതിരപ്പാട്ടിന്റെ ഈണത്തിൽ ചുവട് വയ്ക്കാൻ അവൾ കാത്തിരിക്കുകയായിരുന്നു.
ഒരുനിമിഷം കൊണ്ട് വീണ്ട് മുഖരിതമായി..
ശിവന്യമോളോട് ഓണത്തിന്റെ കഥ പറഞ്ഞ് അവസാനിപ്പിക്കുമ്പോൾ ശരത് ചോദിച്ചു. മുത്തശ്ശി ഈ കഥയിലെ മോറൽ എന്താണ്? ശരിക്കും വാമനൻ ആയി വന്ന് മഹാവിഷ്ണു മഹാബലിയെ ചതിച്ചതല്ലെ?
ദൈവങ്ങൾക്ക് മനുഷ്യരെക്കാൾ അസൂയ ആയിരുന്നോ?
ഒരു നിമിഷം ജാനകിയെ കുഴക്കിയ ചോദ്യം.
അല്പം ആലോചിച്ച ശേഷം പറഞ്ഞു.
ഈ കഥയിൽ കാതലായ ഒരു ഗുണപാഠം ഉണ്ട്.
മോനെ ഓണത്തിന് മഹാബലി എല്ലാവർഷവും പ്രജകളെ കാണാൻ വരുന്നു എന്നതിലും ഉപരി ഒന്നും ശാശ്വതം അല്ലെന്നും എല്ലാം പ്രകൃതിയിൽ നടക്കുന്ന ഒരു ചാക്രിക ചംക്രമണം ആണ് എന്നുളളതുമാണ് മനസ്സിലാക്കേണ്ടത്.
എന്നും നിലനിൽക്കുന്നത് ഒന്നേ ഉള്ളു.
തിരിച്ചറിവിലൂടെ ഏത് പ്രതിസന്ധികളെയും തരണം ചെയ്ത് എല്ലാ ദു:ഖങ്ങളെയും മറികടക്കാനുള്ള കരുത്തു നേടുകയും അതിലൂടെ നാം മുറുകെപിടിക്കുന്ന മൂല്യങ്ങളെ സംരക്ഷിക്കുകയും തെയ്യുക എന്നുളളത്.
ഈ കഥയിൽ മഹാബലി ചെയ്തത് അതല്ല?
താൻ ഏറ്റവും മൂല്യം കല്പിച്ചത് സത്യസന്ധതയ്ക്കാണ്. വാമനന് കൊടുത്ത വാക്ക് പാലിക്കാനായല്ലെ തലകുനിച്ച് മൂന്നാമത്തെ അടി അളന്ന് എടുത്തോളു എന്ന് പറഞ്ഞ് പാതാള ലോകത്തേക്ക് പോയത്.
ആ സത്യസന്ധതയ്ക്കുള്ള വരദാനമായല്ലെ ഇന്നും നമ്മളെ കാണാൻ എല്ലാവർഷവും വരുന്നത്.

പറഞ്ഞു തീരുമ്പോൾ ശിവന്യമോളുടെ ഒരു ചോദ്യം പരശുരാമൻ ആരാണ്?
കേരളം പരശുരാമൻ മഴുവെറിഞ്ഞു കിട്ടിയതല്ലെ മുത്തശ്ശി?
എന്നിട്ടെന്തേ പരശുരാമൻ നാടുകാണാൻ വരാത്തത്?
അതും പറഞ്ഞ് ശിവന്യമോൾ കൈകൊട്ടി ചിരിച്ചോടുമ്പോൾ ജാനകിയുടെ മനസ്സിലും അതൊരു ചോദ്യമായി.
എങ്കിലും നാളത്തെ തിരുവോണത്തിന്റെ ഒരുക്കങ്ങൾ മനസ്സിൽ കാണുകയായിരുന്നു.