മോഡലും നടിയും, നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിന്റെ കാമുകിയുമായിരുന്ന റിയ ചക്രബര്‍ത്തിയെ കാണാനില്ലെന്ന് ബിഹാര്‍ പൊലീസ്. സുശാന്ത് സിംഗിനെ ആത്മഹത്യക്ക് പ്രേരിപ്പിച്ചത് റിയ ചക്രബര്‍ത്തി ആണെന്ന് ആരോപിച്ച്‌ പിതാവ് നല്‍കിയ കേസ് അന്വേഷിക്കുകയാണ് ബിഹാര്‍ പൊലീസ്. കേസ് അന്വേഷണം ആദ്യ ഘട്ടത്തിലാണെന്നും റിയ ചക്രബര്‍ത്തിയുടെ ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലാണെന്നും ബിഹാര്‍ ഡിജിപി ഗുപ്തേശ്വര്‍ പാണ്ഡെ പറഞ്ഞു. നിലവില്‍ പാറ്റ്നയിലുള്ള കേസ് മുംബൈയിലേയ്ക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് റിയ സുപ്രീം കോടതിയെ സമീപിച്ചത്.

ജൂണ്‍ എട്ട് വരെ സുശാന്തിന്റെ വീട്ടില്‍ സുശാന്തിനൊപ്പം താമസിച്ചിരുന്നതായും ലിവ് ഇന്‍ റിലേഷനില്‍ ആയിരുന്നെന്നും റിയ സുപ്രീം കോടതിയില്‍ പറഞ്ഞിരുന്നു. ജൂണ്‍ എട്ടിന് താല്‍ക്കാലികമായി മാറി താമസിക്കുകയായിരുന്നുവെന്നും സുശാന്ത് കടുത്ത വിഷാദ രോഗത്തിന് അടിമയായിരുന്നുവെന്നും റിയ ചക്രബര്‍ത്തി പറഞ്ഞിരുന്നു. ജൂണ്‍ 14നാണ് സുശാന്ത് സിംഗ് രാജ്പുത്തിനെ മുംബൈയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നാലംഗ ബിഹാര്‍ പൊലീസ് സംഘം കേസ് അന്വേഷണത്തിനായി മുംബൈയില്‍ എത്തിയിട്ടുണ്ട്. സുശാന്ത് സിംഗിന്റെ പിതാവ് സിബിഐ അന്വേഷണം ആവശ്യപ്പെടുന്നതായും എന്നാല്‍ ഇതിന്റെ ആവശ്യമില്ലെന്നുമാണ് ബിഹാര്‍ പൊലീസ് പറയുന്നത്. നേരത്തെ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് റിയ ചക്രബര്‍ത്തി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്ത് നല്‍കിയിരുന്നു. മുംബയ് പൊലീസ് തങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും അന്വേഷണം വഴി തിരിച്ചുവിടാന്‍ ശ്രമിക്കുകയും ചെയ്തെന്ന ആരോപണം ശരിയല്ലെന്നും മുംബയ് പൊലീസ് പൂര്‍ണമായും സഹകരിക്കുന്നുണ്ടെന്നും ബിഹാര്‍ പൊലീസ് ഉദ്യോഗസ്ഥര്‍ എന്‍ഡിടിവിയോട് പറഞ്ഞു.

സുശാന്തിന്റെ കുടുംബം ആവശ്യപ്പെടുകയാണെങ്കില്‍ സിബിഐ അന്വേഷണം മുഖ്യമന്ത്രി നിതീഷ് കുമാര്‍ പരിഗണിക്കുമെന്ന് ബിഹാ മന്ത്രി സഞ്ജയ് കുമാര്‍ ഝാ പറഞ്ഞു. സുശാന്തിന്റെ പിതാവ് കൃഷ്ണ കുമാര്‍ സിംഗിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ റിയ ചക്രബര്‍ത്തിക്കും റിയയുടെ കുടുംബാംഗങ്ങളടക്കം മറ്റ് ആറ് പേര്‍ക്കുമെതിരെയാണ് പാറ്റ്ന പൊലീസ് സ്റ്റേഷനില്‍ ആത്മഹത്യാപ്രേരണയ്ക്ക് എഫഐആര്‍ ഇട്ടിരിക്കുന്നത്. ഈ എഫ്‌ഐആറിന്റെ അടിസ്ഥാനത്തില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പണത്തട്ടിപ്പ് കേസും രജിസ്റ്റര് ചെയ്തിട്ടുണ്ട്. ബോളിവുഡിലെ പലരേയും മുംബയ് പൊലീസ് ചോദ്യം ചെയ്തിരുന്നു. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് താരങ്ങള്‍ തമ്മിലുള്ള ആരോപണ-പ്രത്യാരോപണങ്ങളും നടന്നിരുന്നു.