സോള്‍: ദക്ഷിണ കൊറിയയിലെ ഏറ്റവും വലിയ കൊവിഡ്-19 ക്ലസ്റ്റര്‍ രൂപപ്പെടുന്നതിന് കാരണക്കാരനായ ക്രിസ്ത്യന്‍ മതവിഭാഗത്തിന്റെ സ്ഥാപകനെ അറസ്റ്റ് ചെയ്തു. ഷിന്‍ഷെനോജി ചര്‍ച്ച്‌ ഓഫ് ജീസസ് സ്ഥാപകനും തലവനുമായ ലീ മാന്‍ ഹീയെയാണ് അറസ്റ്റ് ചെയ്തത്.ഫെബ്രുവരി, മാര്‍ച്ച്‌ മാസങ്ങളില്‍ രാജ്യത്ത് 5200-ലേറെ പേര്‍ കൊറോണ വൈറസ് ബാധിതരാകാന്‍ കാരണം ലീ മാന്റെ സഭയുടെ പള്ളികളിലെ പ്രര്‍ഥനയാണെന്നായിരുന്നു കണ്ടെത്തിയത്.

ദക്ഷിണ കൊറിയയിലെ ആകെ കൊവിഡ് ബാധിതരില്‍ 36 ശതമാനവും ഷിന്‍ഷെനോജി പള്ളികള്‍ വഴി രോഗം പകര്‍ന്നവരാണ്. സുവോണ്‍ ജില്ലാ കോടതിയുടെ അനുമതി ലഭിച്ചതിനെ തുടര്‍ന്നാണ് 89 കാരനായ സഭാ നേതാവിനെ ശനിയാഴ്ച അറസ്റ്റ് ചെയ്തത്. ലീ മാന്‍ തെളിവുകള്‍ നശിപ്പിക്കുമെന്ന ആശങ്കയെ തുടര്‍ന്നാണ് പ്രോസിക്യൂട്ടര്‍മാര്‍ അറസ്റ്റിന് അനുമതി തേടിയത്. കൊവിഡ്-19 വ്യാപന മുന്നറിയിപ്പ് നിലനില്‍ക്കുമ്ബോള്‍ ലീ മാന്റെ സഭയിലെ പള്ളിയിലെ പ്രാര്‍ഥനയില്‍ പങ്കെടുത്ത സ്ത്രീയ്ക്ക് രോഗം സ്ഥിരീകരിച്ചു. ഇതായിരുന്നു ആദ്യത്തെ കേസ്.

പ്രാര്‍ഥനയില്‍ പങ്കെടുത്ത ആയിരക്കണക്കിനാളുകളും പിന്നാലെ രോഗബാധിതരായി. ലീയും മറ്റു സഭാ നേതാക്കളും കൊറോണ വൈറസുമായി ബന്ധപ്പെട്ട് അധികൃതര്‍ നല്‍കിയ മുന്നറിയിപ്പുകള്‍ മറച്ചുവെക്കുകയും ആളുകളെ പ്രാര്‍ഥനാ സമ്മേളത്തില്‍ പങ്കെടുക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്‌തെന്നാണ് ആരോപണം. വൈറസ് ബാധിതരുടെ സമ്ബര്‍ക്ക പട്ടിക തയ്യാറാക്കാന്‍ അധികൃതര്‍ ശ്രമിക്കുമ്ബോള്‍, അതിന് തടയിടുന്ന നടപടിയാണ് ലീയും കൂട്ടരും സ്വീകരിച്ചത്. പള്ളിയുടെ ഫണ്ടില്‍ 4.7 മില്യണ്‍ ഡോളറിന്റെ തട്ടിപ്പ് നടത്തിയതായും ലീയ്‌ക്കെതിരെ ആരോപണമുണ്ട്. രണ്ട് ലക്ഷത്തിലേറെ പേരാണ് ലീയുടെ സഭയിലുള്ളത്.

സര്‍ക്കാരിന്റെ എല്ലാ നടപടികളുമായി സഹകരിച്ചിട്ടുണ്ടെന്നും പ്രതിരോധ പ്രവര്‍ത്തനം തടസ്സപ്പെടുത്തിയിട്ടില്ലെന്നുമാണ് ഷിന്‍ഷെനോജി സഭ വ്യക്തമാക്കുന്നത്. അറസ്റ്റ് വാറണ്ട് കുറ്റം ചെയ്തു എന്നതിന്റെ സൂചനയല്ലെന്നും സത്യം പുറത്തുകൊണ്ടുവരുമെന്നും സഭ അധികൃതര്‍ വ്യക്തമാക്കി. കര്‍ശനമായ പ്രതിരോധ നടപടികളിലൂടെയും ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിച്ചുമാണ് ഏപ്രില്‍ അവസാനത്തോടെ ഡേഗുവില്‍ രോഗവ്യാപനം നിയന്ത്രിച്ചത്.