ഹൈദരബാദ്| ആന്ധ്രാപ്രദേശിനെ രണ്ടായി തിരിച്ച്‌ തെലങ്കാന രൂപം കൊണ്ടതിന് ശേഷം ആന്ധ്രക്ക് മൂന്ന് തലസ്ഥാനമാക്കാനുള്ള തീരുമാനം നടപ്പാക്കാനൊരുങ്ങി ജഗന്‍ മോഹന്‍ സര്‍ക്കാര്‍. 2014ലാണ് ആന്ധ്രയില്‍ നിന്ന് വിഭജിച്ച്‌ തെലങ്കാന രൂപം കൊണ്ടത്.

മൂന്ന് തലസ്ഥാനങ്ങള്‍ സ്ഥാപിക്കാനുള്ള ജഗന്‍മോഹന്‍ റെഡ്ഡിയുടെ നിര്‍ദേശത്തിന് ഗവര്‍ണര്‍ അനുമതി നല്‍കി. ഗവര്‍ണര്‍ ബിശ്വഭൂഷണ്‍ ഹരിചന്ദന്‍ ആണ് ഇത് സംബന്ധിച്ച്‌ അനുമതി നല്‍കിയത്. ജൂലൈ 18ന് ഗവര്‍ണര്‍ക്ക് നല്‍കിയ ബില്ലില്‍ ഇന്നലെയാണ് ഒപ്പിട്ടത്.

ആന്ധ്രാ ഡീസെന്‍ട്രലൈസേഷന്‍ ആന്‍ഡ് ഇന്‍ക്ലൂസിവ് ഡെവലപ്‌മെന്റ് ഓഫ് ഓള്‍ റീജ്യന്‍സ് ബില്‍, എ പി ക്യാപിറ്റല്‍ ഡെവലപ്‌മെന്റ് അതോറിറ്റി ബില്ലുകള്‍ക്കാണ് അംഗീകാരം നല്‍കിയത്. അമരാവതി, വിശാഖപട്ടണം, കര്‍ണൂല്‍ എന്നിവയാണ് മൂന്ന് തലസ്ഥാനങ്ങള്‍. അമരാവതിയില്‍ ലെജിസ്ലേറ്റീവ്, വിശാഖപട്ടണത്തില്‍ എക്‌സിക്യൂട്ടീവ്, കര്‍ണൂലില്‍ ജുഡീഷ്യല്‍ എന്നിങ്ങനെയാണ് തലസ്ഥാന നഗരിയെ തരംതിരിച്ചിരിക്കുന്നത്.

മുഖ്യമന്ത്രിയുടെയും ഗവര്‍ണറുടെയും ഓഫീസുകള്‍ വിശാഖപട്ടണത്തായിരിക്കും സ്ഥിതി ചെയ്യുക. ഹൈക്കോടതി കുര്‍ണൂലിലും നിയമസഭാ പരിപാടികള്‍ അമരാവതിയിലും ആയിരിക്കും നടക്കുക. അതേസമയം, സംസ്ഥാനത്ത് മൂന്ന് തലസ്ഥാനങ്ങള്‍ക്ക് അനുമതി നല്‍കിയ ഗവര്‍ണറുടെ തീരുമാനത്തെ ചരിത്ര മണ്ടത്തരം എന്ന് ടിഡിപി നേതാവും മുന്‍മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു വിശേഷിപ്പിച്ചു.