സിഡ്‌നി: നിലവിലെ ലോകത്തിലെ ഏറ്റവും മികച്ച ക്രിക്കറ്റ് ഓള്‍റൗണ്ടര്‍മാരുടെ പട്ടികയിലെ മുന്‍നിരക്കാരനാണ് ഇംഗ്ലണ്ടിന്റെ ബെന്‍ സ്റ്റോക്‌സ്. ബാറ്റുകൊണ്ടും പന്തുകൊണ്ടും മത്സരഫലത്തെ സ്വാധീനിക്കാന്‍ കഴിയുന്ന സ്റ്റോക്‌സ് സമീപ കാലത്തായി തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുക്കുന്നത്. 2019ലെ ഏകദിന ലോകകപ്പ് ഇംഗ്ലണ്ട് നേടിയത് സ്റ്റോക്‌സിന്റെ മികവിലായിരുന്നു. ഇക്കഴിഞ്ഞ വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലും ഓള്‍റൗണ്ട് പ്രകടനത്തിലൂടെ തിളങ്ങിയ സ്‌റ്റോക്‌സ് ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തിയിരുന്നു. ഇപ്പോഴിതാ സ്‌റ്റോക്‌സിനെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് മുന്‍ ഓസീസ് നായകനും സൂപ്പര്‍ താരവുമായ സ്റ്റീവ് സ്മിത്ത്.

‘സ്റ്റോക്‌സിന്റെ കരുത്തിന് പലപ്പോഴും സാക്ഷിയായിട്ടുണ്ട്. ഏകദിന ലോകകപ്പിലെ പ്രകടനത്തിന് പിന്നാലെ ഇക്കഴിഞ്ഞ ടെസ്റ്റിലും അവന്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. മികച്ച ബൗളിങ്ങിലൂടെ വിക്കറ്റുകള്‍ നേടാനും അവസ് സാധിച്ചു. ബാറ്റ്‌സ്മാനായും ബൗളറായും ഫീല്‍ഡറായും ഏത് ടീമും ആഗ്രഹിക്കുന്ന താരമാണ് സ്റ്റോക്‌സ്. പ്രതിസന്ധി ഘട്ടങ്ങളില്‍ ഇത്തരത്തിലുള്ള താരങ്ങള്‍ നമുക്കൊപ്പം ഉണ്ടായിരുന്നെങ്കില്‍ എന്ന് ആലോചിക്കാറുണ്ട്. ഏത് ടീമിന്റെയും സമ്പാദ്യമാണ് സ്റ്റോക്‌സിനെപ്പോലൊരു താരം’-സ്മിത്ത് പറഞ്ഞു. 2019ലെ ആഷസ് ടെസ്റ്റില്‍ സ്റ്റോക്‌സിന്റെ പ്രകടനം അവിസ്മരണീയമായിരുന്നു. മൂന്നാം ടെസ്റ്റില്‍ ഓസ്‌ട്രേലിയയായിരുന്നു ഡ്രൈവിങ് സീറ്റില്‍. എന്നാല്‍ ബെന്‍ സ്‌റ്റോക്‌സ് പുറത്താകാതെ 135 റണ്‍സ് നേടി ഇംഗ്ലണ്ടിനെ വിജയത്തിലേക്കെത്തിച്ചു.

അവസാന വിക്കറ്റില്‍ 76 റണ്‍സ് കൂട്ടുകെട്ടാണ് സ്റ്റോക്‌സ് ഉണ്ടാക്കിയത്. ഇതോടെ 359 റണ്‍സെന്ന ഓസീസ് വിജയലക്ഷ്യം ഇംഗ്ലണ്ട് സ്‌റ്റോക്‌സിന്റെ കരുത്തില്‍ മറികടന്നു. ഐപിഎല്‍ തുടങ്ങുന്നതിന് മുമ്പ്‌ ഓസ്‌ട്രേലിയ ഇംഗ്ലണ്ടിലേക്ക് ഒരു പര്യടനം ഉദ്ദേശിക്കുന്നുണ്ട്. രാജസ്ഥാന്‍ റോയല്‍സില്‍ തന്റെ സഹതാരങ്ങളാണ് ഇംഗ്ലണ്ടിന്റെ ബെന്‍ സ്‌റ്റോക്‌സും ജോഫ്ര ആര്‍ച്ചറും ജോസ് ബട്‌ലറും. ഇവര്‍ ഓസ്‌ട്രേലിയക്കെതിരേ കൂടുതല്‍ റണ്‍സ് നേടുകയും വിക്കറ്റ് വീഴ്ത്തുകയും ചെയ്യുന്നത് സന്തോഷകരമായ കാര്യമല്ലെങ്കിലും 2020ലെ ഐപിഎല്ലില്‍ രാജസ്ഥാനുവേണ്ടി തിളങ്ങാന്‍ സാധിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും സ്മിത്ത് പറഞ്ഞു. രാജസ്ഥാന്‍ റോയല്‍സിന്റെ നായകനാണ് സ്മിത്ത്. പന്ത് ചുരണ്ടല്‍ വിവാദത്തില്‍ ഉള്‍പ്പെട്ട് വിലക്ക് നേരിട്ട സ്മിത്ത് തിരിച്ചുവരവിലും പഴയ ഫോം നിലനിര്‍ത്തി. 2019ലെ ഏകദിന ലോകകപ്പിലടക്കം മികച്ച പ്രകടനം പുറത്തെടുത്ത സ്മിത്ത് ടെസ്റ്റ് ബാറ്റിങ് റാങ്കിങ്ങില്‍ വിരാട് കോലിയെ മറികടന്ന് വീണ്ടും ഒന്നാം സ്ഥാനത്തെത്തിയിരുന്നു.