ന്യൂഡല്‍ഹി: രാജ്യത്തെ കൊറോണ പരിശോധനകളുടെ എണ്ണത്തില്‍ വീണ്ടും വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ആറര ലക്ഷത്തോളം സാമ്ബിളുകളാണ് പരിശോധിച്ചത്. ഒറ്റ ദിവസം രേഖപ്പെടുത്തുന്ന ഏറ്റവും ഏറ്റവും ഉയര്‍ന്ന പരിശോധന നിരക്കാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്.

പുതുതായി 6,42,588 പരിശോധനകളാണ് രാജ്യത്ത് നടത്തിയത്. ഇതോടെ രാജ്യത്ത് ഇതുവരെ നടത്തിയ പരിശോധനകളുടെ എണ്ണം 1.88 കോടിയായി വര്‍ധിച്ചു. ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ കൊറോണ പരിശോധനകള്‍ നടത്തിയ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ രണ്ടാം സ്ഥാനത്ത് എത്തി. അമേരിക്ക മാത്രമാണ് പരിശോധനകളുടെ എണ്ണത്തില്‍ ഇന്ത്യക്ക് മുന്നിലുള്ളത്. ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ രോഗികളുള്ള അമേരിക്കയില്‍ ഇതുവരെ 2.5 കോടിയിലധികം സാമ്ബിളുകളാണ് പരിശോധിച്ചത്.

അതേസമയം, ഇന്ത്യയില്‍ 0.38 ശതമാനം രോഗികള്‍ മാത്രമാണ് വെന്റിലേറ്ററില്‍ കഴിയുന്നത്. 1.61 ശതമാനം ആളുകള്‍ ഐസിയുവിലും 2.32 ശതമാനം ഓക്‌സിജന്റെ സഹായത്തോടെയുമാണ് ചികിത്സയിലുള്ളതെന്ന് ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.