ചെന്നൈ: നയതന്ത്ര ചാനല്‍ വഴി സ്വര്‍ണ്ണം കടത്തിയ കേസ് പുതിയ വഴിത്തിരിവിലെന്ന് സൂചന. കേസുമായി ബന്ധപ്പെട്ട് തമിഴ്നാട്ടില്‍ മൂന്നു പേരെ എന്‍ഐഎ കസ്റ്റഡിയിലെടുത്തു. അനധികൃതമായി എത്തിച്ച സ്വര്‍ണം വില്‍ക്കാന്‍ സഹായിച്ച മൂന്ന് പേരാണ് കസ്റ്റഡിയിലായത്. ട്രിച്ചിയില്‍ നിന്നുളള ഏജന്റുമാരാണ് ഇവര്‍.

ഇന്നലെ വൈകുന്നേരത്തോടെയാണ് മൂന്നു പേരെയും എന്‍ഐഎ സംഘം കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. കള്ളക്കടത്തിന് നിക്ഷേപകരെ കണ്ടെത്താനും സ്വര്‍ണ്ണം വില്‍‌ക്കാനും തിരുച്ചിറപ്പള്ളി കേന്ദ്രീകരിച്ചുള്ള സ്വര്‍ണ്ണവ്യാപാരികളുമായി ഈ മൂന്നു ഏജന്റുമാര്‍ ബന്ധപ്പെട്ടു എന്നാണ് അന്വേഷണസംഘം എത്തിയിരിക്കുന്ന നി​ഗമനം. ദിവസങ്ങള്‍ക്ക് മുമ്ബ് തന്നെ തിരുച്ചിറപ്പള്ളിയിലെ രണ്ട് സ്വര്‍ണ്ണക്കടകളിലെത്തി എന്‍ഐഎ സംഘം പരിശോധന നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ മൂന്നുപേരെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.