ഇടുക്കിയില്‍ കോവിഡ് പരിശോധന ലാബ് ഇല്ലാത്തത് ജില്ലയിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തടസം സൃഷ്ടിക്കുകയാണ്. കോട്ടയത്താണ് നിലവില്‍ പരിശോധന നടത്തുന്നത്. ഇത് ഫലങ്ങള്‍ ലഭിക്കാന്‍ കാലതാമസം ഉണ്ടാക്കുന്നുണ്ട്. ചില ദിവസങ്ങളില്‍ ഫലങ്ങള്‍ ഒന്നും ലഭിക്കാറുമില്ല.

കോട്ടയം തലപ്പാടിയിലാണ് ഇടുക്കി ജില്ലയിലെ സാമ്ബിളുകള്‍ പരിശോധിക്കുന്നത്, ഇത് ജില്ലയിലെ ഫലങ്ങള്‍ അറിയാന്‍ വലിയ കാലതാമസ്സമുണ്ടാക്കുന്നുണ്ട്. തലപ്പാടിയിലെ ലാബ് അണുനശീകരണത്തിനായി ആഴ്ചയില്‍ ഒരു ദിവസം അടക്കുന്നതിനാല്‍ ചൊവ്വാഴ്ച്ചകളില്‍ പരിശോധന ഫലം ലഭിക്കാറില്ല, കഴിഞ്ഞ രണ്ട് ചൊവ്വാഴ്ച്യും ജില്ലയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം പൂജ്യമായിരുന്നു, ലാബ് പ്രവര്‍ത്തിക്കാത്തതാണ് ഇതിന് കാരണം. ഇന്നലെ ജില്ലയില്‍ 7 കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. ആന്‍റിജന്‍ ടെസ്റ്റിലൂടെ കണ്ടെത്തിയവയാണ് ഇവ. അതേ സമയം കോട്ടയത്തെ ലാബിലേക്ക് അയച്ച 810 സാമ്ബിളുകളുടെ പരിശോധന ഫലം ലഭിക്കാനിരിക്കുന്നതെയുള്ളൂ. ഇത്തരത്തില്‍ ഫലങ്ങള്‍ വൈകുന്നത് രോഗികളെ നേരത്തെ കണ്ടെത്തി ചികിത്സ നല്‍കുന്നതിന് തടസ്സമാവുകയാണ്.

ജില്ലാ മെഡിക്കല്‍ കോളജില്‍ പിസിആര്‍ ടെസ്റ്റിനുള്ള ലാബ് ഈ മാസം 12ന് ഉദ്ഘാടനം ചെയ്തിരുന്നു. എന്നാല്‍ ലാബിനാവശ്യമായ സാങ്കേതിക ഉപകരണങ്ങള്‍ ലഭിക്കാത്തതിനാല്‍ ഇതുവരെ പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. ജില്ലയില്‍ 705 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 300ഉം കഴിഞ്ഞ ഒരു ആഴ്ചയ്ക്കുള്ളിലാണ്.

366 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ജില്ലയില്‍ രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ ജില്ല മെഡിക്കല്‍ കോളജിലെ കോവിഡ് പരിശോധന ലാബ് അടിയന്തരമായി പ്രവര്‍ത്തന സജ്ജമാക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.