ന്യൂഡല്‍ഹി : കോവിഡ് പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് സഹായുമായി മെഡിക്കല്‍ ഉപകരണങ്ങള്‍ നല്‍കി ഫ്രാന്‍സ്. ഫ്രഞ്ച് വ്യോമസേന വിമാനത്തില്‍ എത്തിച്ച വെന്റിലേറ്ററുകളും ടെസ്റ്റ് കിറ്റുകളും ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റിക്ക് ഫ്രഞ്ച് അംബാസിഡര്‍ ഇമ്മാനുവല്‍ ലെനെയ്ന്‍ കൈമാറി.

കൊവിഡ് മെഡിക്കല്‍ ഉപകരണങ്ങള്‍ റെഡ് ക്രോസ് സൊസൈറ്റി സെക്രട്ടറി ജനറലിന് കൈമാറിയതില്‍ സന്തോഷമുണ്ടെന്ന് ലെനെയ്ന്‍ ട്വീറ്റ് ചെയ്തു. ഫ്രാന്‍സ് ഡവലപ്മെന്‍റ് ഏജന്‍സി മുഖേന ഫ്രാന്‍സ് നേരത്തെ ഇന്ത്യക്ക് 200 ദശലക്ഷം യൂറോ ധനസഹായം നല്‍കിയിരുന്നു. ഫ്രഞ്ച് കമ്ബനികളും ഇന്ത്യയ്ക്ക് സംഭാവനകള്‍ നല്‍കിയിരുന്നുവെന്നും ലെനെയ്ര്‍ ട്വീറ്റ് ചെയ്തു. പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ അടുത്തിടെ ഇന്ത്യയിലേക്ക് മെഡിക്കല്‍ ഉപകരണങ്ങള്‍ സംഭാവന ചെയ്യുമെന്നും സാങ്കേതിക വൈദഗ്ദ്ധ്യം നല്‍കുമെന്നും നേരത്തേ പ്രഖ്യാപിച്ചിരുന്നു.

50,000 ഉയര്‍ന്ന നിലവാരമുള്ള സീറോളജിക്കല്‍ ഐ.ജി.ജി / ഐ.ജി.എം ടെസ്റ്റ് കിറ്റുകളും 50 ഒസിരിസ് വെന്റിലേറ്ററുകളും 70 യുവെല്‍ 830 വെന്റിലേറ്ററുകളുമാണ് ഫ്രാന്‍സ് നല്‍കിയത്. അടിയന്തിരമായി രോഗികളെ മാറ്റുന്നതിനും പെട്ടെന്നുള്ള രോഗമുക്തി നേടുന്നതിനുമാണി ഒസിരിസ് വെന്റിലേറ്ററുകള്‍ പ്രത്യേകിച്ചും ഉപയോഗിക്കുന്നത്. ഇന്‍‌റ്റ്യുബേഷന്‍ ഇല്ലാതെ ശ്വാസകോശത്തിലേക്ക് ഓക്സിജന്‍ വിതരണം ചെയ്യുന്നതിനുള്ള സംവിധാനമാണ് യുവെല്‍ 830 വെന്റിലേറ്ററുകളിലുളളത്.ഉയര്‍ന്ന നിലവാരമുള്ള ഈ വെന്റിലേറ്ററുകള്‍ ഇന്ത്യന്‍ ആശുപത്രികളുടെ ആവശ്യങ്ങള്‍ നിറവേറ്റുമെന്ന് എംബസി അറിയിച്ചു.