ന്യൂഡല്‍ഹി : ഫ്രാന്‍സില്‍ നിന്നുള്ള 5 റഫാല്‍ യുദ്ധവിമാനങ്ങള്‍ ഇന്ന് ഉച്ചയോടെ ഹരിയാനയിലെ അംബാല വ്യോമതാവളത്തിലെത്തും. അബുദാബിയിലെ അല്‍ദഫ്ര വ്യോമതാവളത്തില്‍ നിന്നു വിമാനങ്ങള്‍ രാവിലെ പുറപ്പെടും.

പോര്‍ വിമാനങ്ങളെ സ്വീകരിക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. പാക് വ്യോമ പാത ഒഴിവാക്കി ഗുജറാത്തിലെ ജാംനഗര്‍ വഴി വിമാനങ്ങള്‍ ഹരിയാനയില്‍ എത്തിച്ചേരും. ആകാശത്ത് വച്ച്‌ ഇന്ധനം നിറയ്ക്കാന്‍ ഇന്ത്യന്‍ വ്യോമസേനയുടെ ടാങ്കര്‍ വിമാനങ്ങള്‍ അനുഗമിക്കും. തിങ്കളാഴ്ച രാത്രി അബുദാബിയിലെത്തിയ വിമാനങ്ങള്‍ ഇന്നലെ അവിടെ തങ്ങി. പതിനേഴ് ഗോള്‍ഡന്‍ ആരോസ് സ്ക്വാഡ്രനിലെ കമാന്‍ഡിംഗ് ഓഫീസര്‍ ക്യാപ്റ്റന്‍ ഹര്‍ക്രിത് സിങ്ങിന്റെ നേതൃത്വത്തിലുള്ള ഏഴ് ഇന്ത്യന്‍ പൈലറ്റുമാരാണ് വിമാനങ്ങള്‍ ഇന്ത്യയിലേക്ക് പറത്തുന്നത്. ഇതില്‍ വിങ്ങ് കമാന്‍ഡര്‍ വിവേക് വിക്രം എന്ന മലയാളി പൈലറ്റുമുണ്ട്.

വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ആര്‍.കെ.എസ്. ഭദൗരിയ റഫാലിനെ സ്വീകരിക്കാന്‍ അംബാലയിലെത്തും. സ്വന്തം പേരു സൂചിപ്പിക്കുന്ന അക്ഷരങ്ങള്‍ രേഖപ്പെടുത്തിയ വിമാനങ്ങള്‍ സ്വീകരിക്കാനുള്ള അപൂര്‍വ ഭാഗ്യവും അദ്ദേഹത്തിനു ലഭിക്കും. റഫാല്‍ കരാര്‍ യാഥാര്‍ഥ്യമാക്കുന്നതില്‍ ഭദൗരിയയുടെ പങ്കു കണക്കിലെടുത്ത് വിമാനത്തിന്റെ ടെയില്‍ നമ്ബറില്‍ (വിമാനത്തിന്റെ വാലില്‍ രേഖപ്പെടുത്തിയ തിരിച്ചറിയല്‍ നമ്ബര്‍) അദ്ദേഹത്തിന്റെ പേരിലെ രണ്ടക്ഷരങ്ങള്‍ ചേര്‍ത്ത് ‘ആര്‍ബി’ എന്നു രേഖപ്പെടുത്തിയിട്ടുണ്ട്.

അതേസമയം, അംബാലയില്‍ എത്തുന്ന വിമാനങ്ങളുടെ ചിത്രങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കരുതെന്ന് അംബാല പൊലീസ് നാട്ടുകാരെ അറിയിച്ചു. സുരക്ഷ ക്രമീകരണങ്ങള്‍ കണക്കിലെടുത്താണ് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്.