തിരുവനന്തപുരം: കേരളത്തില്‍ 702 പേര്‍ക്ക് കൂടി തിങ്കളാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചു. തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 75 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 91 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ച ചികിത്സയിലായിരുന്ന 745 പേരുടെപരിശോധന ഫലം ഇന്നലെ നെഗറ്റീവ് ആയിട്ടുണ്ട്. ഇതോടെ 9,609 പേരാണ് രോഗം സ്ഥിരീകരിച്ച്‌ ഇനി ചികിത്സയിലുള്ളത്. 10,049 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,55,148 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,45,751 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 9397 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1237 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 18,417 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 6,88,163 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 3842 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,14,832 സാമ്ബിളുകള്‍ ശേഖരിച്ചതില്‍ 1,11,105 സാമ്പിളുകള്‍ നെഗറ്റീവ് ആയി.