കഴിഞ്ഞ വര്‍ഷം മലയാള സിനിമയ്ക്ക് ഏറെ കൈയ്യടി നേടിക്കൊടുത്ത ചിത്രമാണ് മൂത്തോന്‍. നിരവധി ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിച്ച്‌ ഏറെ പ്രശംസയും കൈയ്യടിയും നേടിയ ചിത്രം കൂടുതല്‍ പ്രേക്ഷകരിലേക്കെത്തിയതോടെ മികച്ച നിരൂപണങ്ങളും പുറത്ത് വന്നിരുന്നു. നിവിന്റെ കരിയറിലെ ഗംഭീര പ്രകടനം കാഴ്ച വെച്ചിരിക്കുന്ന ചിത്രത്തിലെ മറ്റു താരങ്ങളും കൈയ്യടി അര്‍ഹിക്കുന്ന പ്രകടനമാണ് കാഴ്ച വെച്ചത്. ഇപ്പോഴിതാ ചിത്രം പുതിയൊരു റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ്. ന്യൂയോര്‍ക്ക് ഇന്ത്യന്‍ ചലച്ചിത്ര മേളയില്‍ മത്സരിക്കുകയാണ് മൂത്തോന്‍ ഇപ്പോള്‍. നിവിനാണ് ഈ വിശേഷം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചത്.

ജൂലൈ 24 മുതല്‍ ആഗസ്റ്റ് 2 വരെയാണ് ന്യൂയോര്‍ക്ക് ഇന്ത്യന്‍ ചലച്ചിത്ര മേള നടക്കുന്നത്. മേളയില്‍ മത്സരവിഭാഗത്തിലാണ് മൂത്തോന്‍ പ്രദര്‍ശിപ്പിക്കുന്നത്. ബെസ്റ്റ് ഫിലിം, ബെസ്റ്റ് ഡിറക്ടര്‍, ബെസ്റ്റ് ആക്ടര്‍, ബെസ്റ്റ് ചൈല്‍ഡ് ആക്ടര്‍ എന്നീ വിഭാഗങ്ങളിലായി നാല് നോമിനേഷനുകളാണ് ചിത്രത്തിന് ന്യൂയോര്‍ക്ക് ഇന്ത്യന്‍ ചലച്ചിത്ര മേളയില്‍ ലഭിച്ചിരുന്നത്. ഈ പുതിയ വിശേഷം ഏറ്റെടുത്തിരിക്കുകയാണ് നിവിന്‍്റെയും മൂത്തോന്‍ എന്ന ചിത്രത്തിന്‍്റെയും ആരാധകര്‍.

നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസ് ലയേഴ്സ് ഡയസ് എന്ന സിനിമയ്ക്ക് ശേഷം സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമാണ് മൂത്തോന്‍. ഈ ചിത്രം പ്രമേയത്തിന്റെ മികവു കൊണ്ടും അഭിനേതാക്കളുടെ അസാധാരണ വൈഭവം കൊണ്ടുമാണ് വേറിട്ടു നില്‍ക്കുന്നത്. ടൊറന്റോ രാജ്യാന്തര ഫെസ്റ്റിവലില്‍ മികച്ച പ്രതികരണം സ്വന്തമാക്കിയതിന് ശേഷമാണ് ന്യൂയോര്‍ക്ക് ഇന്ത്യന്‍ ചലച്ചിത്ര മേളയില്‍ മത്സരിക്കുന്നത്.