ബെംഗളൂരു: കോവിഡ് 19 ഏറ്റവും രൂക്ഷമായി ബാധിക്കുന്നത് വയോധികരെയാണ്. നിരവധിപേരാണ് രാജ്യത്ത് ഇതിനോടകം മരണത്തിന് കീഴടങ്ങിയത്. എന്നാല്‍ വൈദ്യശാസ്ത്രത്തെപ്പോലും ഞെട്ടിച്ച്‌ ജീവിതത്തിലേക്ക് തിരിച്ചുവന്ന ചില വയോധികരമുണ്ട്. കോവിഡിനെ തോല്‍പ്പിച്ച്‌ രാജ്യത്തിന്റെയാകെ അഭിമാനമായി മാറിയവരില്‍ ഒരാളാണ് കര്‍ണാടകയില്‍ നിന്നുള്ള നൂറുവയസ്സുകാരി ഹല്ലമ്മ. ബെല്ലാരി ജില്ലയിലെ ഹുവിന ഹഡഗലിയാണ് ഹല്ലമ്മയുടെ നാട്.

‘ഡോക്ടര്‍മാരെ എന്നെ നല്ലതുപോലെ പരിചരിച്ചു. എല്ലാ ദിവസത്തേയും ഭക്ഷണത്തിനൊപ്പം ഞാന്‍ ഒരു ആപ്പിള്‍ കഴിക്കുമായിരുന്നു. ഡോക്ടര്‍മാര്‍ മരുന്നുകളും ഇഞ്ചക്ഷനും തന്നു. കോവിഡ് 19 ഒരു സാധാരണ പനി പോലെയാണ്, ഞാനിപ്പോള്‍ പൂര്‍ണ ആരോഗ്യവതിയാണ്’- ഹലമ്മ വാര്‍ത്താ ഏജന്‍സിയായ എന്‍ഐഎയോട് പറഞ്ഞു.

ഹല്ലമയുടെ മകനും മരുമകള്‍ക്കും ചെറുമകനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവര്‍ ഇപ്പോള്‍ ചികിത്സയിലാണ്. ജൂലൈ 3നാണ് ഹല്ലമ്മയുടെ ബാങ്ക് ജീവനക്കാരനായ മകന് കോവിഡ് സ്ഥിരീകരിച്ചത്. ജൂലൈ 16ന് ഹല്ലമ്മയ്ക്കും രോഗം സ്ഥിരീകരിച്ചു. ജൂലൈ 22ന് നടത്തിയ ടെസ്റ്റില്‍ ഹല്ലമ്മയ്ക്ക് കോവിഡ് നെഗറ്റീവ് ആയി.