ന്യൂയോര്‍ക്​: വിവരച്ചോര്‍ച്ചയും മറ്റ്​ സുരക്ഷാ കാരണങ്ങളും ചൂണ്ടിക്കാട്ടി ഇന്ത്യയില്‍ നിന്നും നിരോധിച്ചതിന്​ പിന്നാലെ സുപ്രധാന നീക്കവുമായി ചൈനീസ്​ ഷോര്‍ട്ട്​ വിഡിയോ ഷെയറിങ്​ ആപ്പായ ടിക്​ടോക്​. ആപ്പിലൂടെ ഉപയോക്​താക്കള്‍ക്ക്​ വരുമാനം ലഭ്യമാക്കാനായി 200 മില്യണ്‍ അമേരിക്കന്‍ ഡോളറാണ്​ ബൈറ്റ്​ ഡാന്‍സ്​ പ്രഖ്യാപിച്ചിരിക്കുന്നത്​. ‘ടിക്​ടോക്​ ക്രിയേറ്റര്‍ ഫണ്ട്’​ എന്ന പേരില്‍ അവതരിപ്പിച്ചിരിക്കുന്ന പുതിയ റിവാര്‍ഡ്​ പ്രോഗ്രാമിലൂടെയാണ്​ ഉപയോക്​താക്കള്‍ക്ക്​ വരുമാനം ലഭിക്കുക. എന്നാല്‍, പണം ലഭിക്കാന്‍ ചില യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടി വരുമെന്ന്​ മാത്രം.

ആപ്പ്​ ഉപയോഗിക്കുന്നയാള്‍ 18 വയസ്സ്​ തികഞ്ഞിരിക്കണം. ടിക്​ടോകി​​െന്‍റ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ടുള്ള ഒറിജിനല്‍ ഉള്ളടക്കം പോസ്റ്റ്​ ചെയ്യണം. കൂടാതെ കമ്ബനി പറയുന്ന അത്രയും ആളുകള്‍ ഫോളോ ചെയ്യുന്ന അക്കൗണ്ടും​ ആയിരിക്കണം. -എന്നിങ്ങനെയാണ്​ മാനദണ്ഡങ്ങള്‍. അതേസമയം നിലവില്‍ അമേരിക്കയിലുള്ള ടിക്​ടോക്​ യൂസര്‍മാര്‍ക്ക്​ മാത്രമായിട്ടാണ്​ ബൈറ്റ്​ ഡാന്‍സ്​ ടിക്​കോട്​ ക്രിയേറ്റര്‍ ഫണ്ട്​ അവതരിപ്പിക്കുന്നത്​. അടുത്ത മാസം മുതലായിരിക്കും ആരംഭിക്കുക. അമേരിക്കയില്‍ വിലക്ക്​ ഭീഷണി നേരിടുന്ന സാഹചര്യത്തിലാണ്​ ടിക്​ടോക്കി​​െന്‍റ ശ്രദ്ധേയമായ പ്രഖ്യാപനം.

പ്ലാറ്റ്​ഫോമില്‍ പ്രചോദനാത്മ വിഡിയോകള്‍ തയാറാക്കി പോസ്റ്റുചെയ്യുന്ന മികച്ച ഉള്ളടക്ക നിര്‍മാതാക്കള്‍ക്കുള്ള പ്രതിഫലമാണ്​ ക്രിയേറ്റര്‍ ഫണ്ടെന്ന്​​ ടിക്​ടോക്​ അറിയിച്ചു​. ആപ്പിനെ ക്രിയാത്മകമായി സമീപിച്ച്‌​ ആരാധകര്‍ക്ക്​ ആനന്ദവും പ്രചോദനവും നല്‍കുന്നവര്‍ക്കുള്ള വരുമാന മാര്‍ഗമായിരിക്കും ഇതെന്നും യൂസര്‍മാര്‍ക്ക്​ വേണ്ടി ഇനിയും കൂടുതല്‍ പദ്ധതികളുമായി മുന്നോട്ട്​ വരുമെന്നും ടിക്​ടോക്​ ബ്ലോഗ്​ പോസ്റ്റിലൂടെ അറിയിച്ചു.

നിലവില്‍ ഇന്ത്യയില്‍ പൂര്‍ണ്ണമായി നിരോധിക്കപ്പെട്ട ടിക്​ടോക്​ അമേരിക്കയിലും ആസ്​ട്രേലിയയിലും നിരോധനത്തി​​െന്‍റ വക്കിലാണ്​. ചൈനീസ്​ ആപ്പെന്ന പേരില്‍ നേരിടുന്ന പ്രതിസന്ധി മറികടക്കാന്‍ തങ്ങളുടെ ആപ്പിനെ പൂര്‍ണ്ണമായും പറിച്ചുനടാനുള്ള ശ്രമവും ബൈറ്റ്​ ഡാന്‍സ്​ ആരംഭിച്ചിട്ടുണ്ട്​. ലണ്ടനാണ്​ അവര്‍ അടുത്ത തട്ടകമായി ഇപ്പോള്‍ ആലോചിക്കുന്നത്​.