ന്യൂഡല്‍ഹി: മോട്ടോര്‍ബൈക്കുകളില്‍ ഹാന്‍ഡ്‌ഹോള്‍ഡുകള്‍, ഫൂട്ട്‌റെസ്റ്റ്, വസ്ത്രങ്ങള്‍ കുടുങ്ങിപ്പോകാതിരിക്കാനുള്ള ‘സാരി ഗാര്‍ഡ്’ തുടങ്ങിയവ നിര്‍ബന്ധമാക്കി മോട്ടോര്‍ വാഹന നിയമം കേന്ദ്രം ഭേദഗതി ചെയ്തു.

ഈ സാഹചര്യത്തില്‍ ഇത്തരം സുരക്ഷാ ഫീച്ചറുകളില്ലാത്ത ബൈക്കുകളുടെ രൂപകല്പന തന്നെ മാറ്റേണ്ടി വരുമെന്ന് വാഹനമേഖലയിലുള്ളവര്‍ പറയുന്നു.

കേന്ദ്ര മോട്ടോര്‍ വാഹന നിയമം (1989) ഭേദഗതി ചെയ്ത് പുതിയ ചട്ടങ്ങള്‍ ഉള്‍പ്പെടുത്തി തിങ്കളാഴ്ച കേന്ദ്ര ഗതാഗത മന്ത്രാലയം ഗസറ്റ് നോട്ടിഫിക്കേഷന്‍ പുറപ്പെടുവിച്ചിരുന്നു.

ഭേദഗതി ചെയ്ത നിയമപ്രകാരം വാഹനത്തിന് പിറകിലിരിക്കുന്നവര്‍ക്കായി വാഹനത്തിന്റെ വശങ്ങളിലായോ അല്ലെങ്കില്‍ ഡ്രൈവര്‍ സീറ്റിന് പുറകിലായോ ഹാന്‍ഡ്‌ഹോള്‍ഡുകള്‍ ഉറപ്പാക്കണം. ഫൂട് റെസ്റ്റുകളും നിര്‍ബന്ധം. വസ്ത്രങ്ങള്‍ ചക്രത്തില്‍ കുടുങ്ങാതിരിക്കാന്‍ പിന്നിലെ ചക്രം പകുതിയോളം മറയുന്ന മറയുന്ന രക്ഷാ കവചവും വേണം.

രണ്ടായിരത്തിന്റെ തുടക്കം മുതല്‍ ഇത്തരം സുരക്ഷാ സംവിധാനങ്ങള്‍ വേണമെന്ന് നിയമത്തില്‍ പറയുന്നുണ്ടെങ്കിലും ഇത്തരം സംവിധാനങ്ങളില്ലാതെ വാഹനങ്ങള്‍ നിര്‍മ്മിക്കുന്നുണ്ടായിരുന്നുവെന്ന് അഭിഭാഷകനായ സുരേഷ് സൗളി പറഞ്ഞു.

എന്നാല്‍ ഇപ്പോള്‍ ആര്‍ടിഒ ഓഫീസുകളില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ഇരുച്ചക്ര വാഹനങ്ങളില്‍ പിന്നിലിരിക്കുന്ന യാത്രക്കാര്‍ക്കായി സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കേണ്ടത് നിര്‍ബന്ധമാക്കിയതായും അദ്ദേഹം വ്യക്തമാക്കി. ഇത്തരം സംവിധാനങ്ങള്‍ ഇല്ലാത്ത ബൈക്കുകളില്‍ അത് ഒരുക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഇരുച്ചക്രവാഹനങ്ങളില്‍ സുരക്ഷാ വ്യവസ്ഥകള്‍ നിര്‍ബന്ധമാക്കിയ 2018ലെ സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രത്തിന്റെ പുതിയ തീരുമാനം. 2022 ജനുവരി ഒന്നു മുതല്‍ ഇറക്കുന്ന വാഹനങ്ങളില്‍ സുരക്ഷാ സംവിധാനങ്ങള്‍ ഉറപ്പാക്കണമെന്നാണ് കേന്ദ്ര നിര്‍ദ്ദേശം.