ന്യൂഡല്‍ഹി : കോടതിയലക്ഷ്യ കേസില്‍ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ് സുപ്രീം കോടതി നോട്ടിസ്. 2 ട്വീറ്റുകളിലൂടെ സുപ്രീം കോടതിയെയും ചീഫ് ജസ്റ്റിസിനെയും വിമര്‍ശിച്ചതിനാണ് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെ നടപടി. കേസില്‍ കോടതിയെ സഹായിക്കാന്‍ അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാലിനും നോട്ടിസുണ്ട്.

ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ ആഢംബര ബൈക്കില്‍ ഇരിക്കുന്നതിന്റെ ചിത്രവും കൂടി ചേര്‍ത്ത ട്വീറ്റില്‍ പ്രശാന്ത് ഭൂഷണ്‍ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. മറ്റൊരു ട്വീറ്റില്‍ മുന്‍ ചീഫ് ജസ്റ്റിസുമാരെ അടക്കം വിമര്‍ശിച്ചിരുന്നു.

ട്വീറ്റുകള്‍ നീതി നിര്‍വഹണ സംവിധാനത്തിന് അപമാനമുണ്ടാക്കുന്നതും ജനമധ്യത്തില്‍ സുപ്രീം കോടതിയുടെയും ചീഫ് ജസ്റ്റിസിന്റെ ഓഫിസിന്റെയും അന്തസ്സും അധികാരവും ഇടിച്ചുതാഴ്ത്തുന്നതുമാണെന്ന് പ്രഥമദൃഷ്ട്യാ വിലയിരുത്തിയാണ് നടപടിയെന്നു കോടതി വ്യക്തമാക്കി. കേസ് അടുത്ത മാസം 5ന് വീണ്ടും പരിഗണിക്കും.