തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ആയിരം കടന്ന പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ക്ക് സാധ്യത. രോഗവ്യാപനം ഉയരുന്ന സാഹചര്യത്തില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ ഗൗരവമായി പരിഗണിക്കേണ്ടി വരുമെന്നാണ് മുഖ്യമന്ത്രി ഇന്നലെ അറിയിച്ചത്. തിരുവനന്തപുരം ജില്ല ഉള്‍പ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അതീവ ഗുരുതരമായ പ്രതിസന്ധിയാണുള്ളത്. ഈ സാഹചര്യത്തിലാണു ലോക്ക് ഡൗണ്‍ എന്ന നിര്‍ദേശം സര്‍ക്കാരിന്റെ മുന്നിലുള്ളത്. തിരുവനന്തപുരത്ത് ഇന്നലെ 226 പേര്‍ക്കാണു രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 190 പേര്‍ക്കും സമ്ബര്‍ക്കത്തിലൂടെയാണെന്ന് രോഗം പിടിപെട്ടത്. 15 പേരുടെ ഉറവിടം വ്യക്തമല്ല.

1038 പേര്‍ക്കാണ് ഇന്നലെ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ 785 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കൊവിഡ് പിടിപ്പെട്ടത്. ആദ്യമായി നാല് ജില്ലകളില്‍ പ്രതിദിന രോഗികളുടെ 100 കവിഞ്ഞു. ഉറവിടമറിയാത്ത രോഗികളുടെ എണ്ണം കൂടിയ പശ്ചാത്തലത്തില്‍ സാഹചര്യം ഗുരുതരമെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്. എറണാകുളത്ത് ആലുവ ക്ലസ്റ്ററില്‍ രോഗവ്യാപനം രൂക്ഷമാണ്. ആലുവ മേഖലയില്‍ പടരുന്ന കോവിഡ് വൈറസ് വ്യാപന ശേഷിയും അപകട സാധ്യതയും കൂടിയ വിഭാഗത്തിലുള്ളതാണെന്നാണ് ആരോഗ്യ വിഭാഗത്തിന്റെ കണ്ടെത്തല്‍.

പുതുതായി മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രി കനത്ത ജാഗ്രതയിലാണ്. ഒരു ഡോക്ടര്‍ക്കും രണ്ട് നഴ്സുമാര്‍ക്കുമാണ് ഉറവിടം വ്യക്തമാകാത്ത രോഗബാധ. ഇവിടെ നേരത്തെ രണ്ട് ഡോക്ടര്‍മാര്‍ക്കും ഒരു നഴ്സിനും രോഗം ബാധിച്ചിരുന്നു. അന്‍പത് ആരോഗ്യപ്രവ‍ര്‍ത്തകര്‍ പരിയാരത്ത് നിരീക്ഷണത്തിലാണ്. കൂടുതല്‍ പേരുടെ പരിശോധന ഫലം വരുന്നതോടെ മെഡിക്കല്‍ കോളേജ് ആശുപത്രി കൊവിഡ് ക്ലസ്റ്റര്‍ ആകുമോ എന്ന ആശങ്ക ആരോഗ്യപ്രവ‍ര്‍ത്തകര്‍ക്കുണ്ട്. നിലവിലെ കണക്കനുസരിച്ച്‌ മൊത്തം പോസിറ്റീവ് കേസുകളില്‍ 65.16 ശതമാനം അതതു പ്രദേശങ്ങളില്‍ നിന്നു തന്നെ രോഗം പിടിപെട്ടതാണ്. തിരുവനന്തപുരത്ത് ഈ നിരക്ക് 94.04 ശതമാനമാണെന്നു മുഖ്യമന്ത്രി പറഞ്ഞു.