തിരുവനന്തപുരം: കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കുമിടയില്‍ ആത്മഹത്യാപ്രവണത വര്‍ധിച്ച സാഹചര്യത്തില്‍ ആത്മഹത്യാപ്രവണത അവസാനിപ്പിക്കാന്‍ കഴിയുന്നവിധം വിശദാംശങ്ങള്‍ പരിശോധിക്കുന്നതിനായി വിദഗ്ധസമിതി രൂപീകരിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ. ഡിജിപി ആര്‍ ശ്രീലേഖ ചെയര്‍പേഴ്സനായ സമിതിയില്‍ വനിതാശിശുവികസന വകുപ്പ് ഡയറക്ടര്‍ കണ്‍വീനറാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് മന:ശാസ്ത്രവിഭാഗം മേധാവി ഡോ.അനില്‍പ്രഭാകരന്‍, കുട്ടികളുടെ മന:ശാസ്ത്രജ്ഞന്‍ ഡോ. ജയപ്രകാശ്, ജെന്‍ഡര്‍ അഡൈ്വസര്‍ ഡോ. ടി കെ ആനന്ദി എന്നിവര്‍ അംഗങ്ങളാണെന്നും മന്ത്രി വ്യക്തമാക്കി.

രക്ഷിതാക്കള്‍ക്ക് കുട്ടികളെ ശരിയായി മനസ്സിലാക്കാന്‍ സാധിക്കാത്തത്, കൊവിഡ് കാലത്ത് കൂട്ടുകാരുമായി ഇടപഴകാന്‍ സാധിക്കാത്തത് തുടങ്ങിയ നിരവധി പ്രശ്നങ്ങള്‍ ആത്മഹത്യ വര്‍ധിക്കുന്നതിന് കാരണമാവുന്നുണ്ട്. നാളത്തെ പൗരന്‍മാരുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് സമൂഹത്തിന്റേയും സര്‍ക്കാരിന്റേയും ഉത്തരവാദിത്വമാണ്. കൊവിഡ് കാലത്ത് കുട്ടികള്‍ അനുഭവിക്കുന്ന പലവിധ മാനസികപ്രശ്നങ്ങള്‍ നേരിടുന്നതിനും ആത്മഹത്യാപ്രവണത ചെറുക്കുന്നതിനുമായി ‘ഒറ്റയ്ക്കല്ല ഒപ്പമുണ്ട്’ സൈക്കോ സോഷ്യല്‍ സപ്പോര്‍ട്ട് സേവനങ്ങള്‍ ലഭ്യമാക്കി വരുന്നു.

ആരോഗ്യവകുപ്പിന് കീഴിലുള്ള മാനസികാരോഗ്യ പരിപാടിയും വനിതാ ശിശുവികസനവകുപ്പും യോജിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. കുട്ടികളുടെ സ്വഭാവത്തിലുണ്ടാകുന്ന മാറ്റം ബന്ധുക്കള്‍ വളരെയേറെ ശ്രദ്ധിക്കേണ്ടതാണ്. എന്തെങ്കിലും അപാകതകള്‍ തോന്നുന്നെങ്കില്‍ ജില്ലയിലെ സൈക്കോ സോഷ്യല്‍ സപ്പോര്‍ട്ട് ഹെല്‍പ്പ് ലൈന്‍ നമ്ബറിലോ, ദിശ 1056 നമ്ബരിലേക്കോ ബന്ധപ്പെടേണ്ടതാണ്.