മുംബൈ: ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കാമുകിയും നടിയുമായ റിയ ചക്രബര്‍ത്തി രംഗത്ത്. ട്വിറ്ററില്‍ പങ്കുവച്ച ഒരു കുറിപ്പിലാണ് റിയ ഇക്കാര്യം ആവശ്യപ്പെട്ടത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ അഭിസംബോധന ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലാണ് റിയ ഇക്കാര്യം ആവശ്യപ്പെട്ടത്. സുശാന്തിന്‍റെ പൊടുന്നനെയുള്ള വിയോഗം സംഭവിച്ചിട്ട് ഒരു മാസം പിന്നിടുന്നുവെന്നും അദ്ദേഹത്തെ ഈ വഴി സ്വീകരിക്കാന്‍ സമ്മര്‍ദ്ദപ്പെടുത്തിയത് എന്താണെന്ന് തനിക്കറിയണമെന്നും റിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

“ഞാന്‍ സുശാന്ത് സിംഗ് രാജ്‍പുതിന്‍റെ ഗേള്‍ഫ്രണ്ട് റിയ ചക്രബര്‍ത്തിയാണ്. അദ്ദേഹത്തിന്‍റെ പൊടുന്നനെയുള്ള വിയോഗം സംഭവിച്ചിട്ട് ഇപ്പോള്‍ ഒരുമാസം പിന്നിടുന്നു. എനിക്ക് സര്‍ക്കാരില്‍ പൂര്‍ണ്ണ വിശ്വാസമുണ്ട്. എന്നിരുന്നാലും നീതിയ്ക്കുവേണ്ടി ഈ വിഷയത്തില്‍ ഒരു സിബിഐ അന്വേഷണം ഉണ്ടാവണമെന്ന് താങ്കളോട് ഞാന്‍ താഴ്‍മയായി അഭ്യര്‍ഥിക്കുന്നു. ഈ വഴി സ്വീകരിക്കാന്‍ സുശാന്തിനെ സമ്മര്‍ദ്ദപ്പെടുത്തിയത് എന്തെന്നറിയണമെന്നേ എനിക്കുള്ളൂ”, എന്നാണ് റിയയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്.

സുശാന്തിന്‍റെ മരണശേഷം തനിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ നടന്നുവരുന്ന സൈബര്‍ ആക്രമണത്തെ അപലപിച്ചും റിയ ഇന്‍സ്റ്റഗ്രാമിലൂടെ പ്രതികരിച്ചിരുന്നു. ആത്മഹത്യ ചെയ്യാത്തപക്ഷം റിയയെ ബലാല്‍സംഗം ചെയ്‍ത് കൊലപ്പെടുത്താന്‍ ആളുകളെ അയയ്ക്കുമെന്ന, തനിക്കുലഭിച്ച ഒരു സന്ദേശത്തിന്‍റെ സ്ക്രീന്‍ഷോട്ട് പങ്കുവച്ചുകൊണ്ടായിരുന്നു അവരുടെ പ്രതികരണം.

അതേസമയം, സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തില്‍ റിയ ചക്രബര്‍ത്തിയ്‌ക്കെതിരെ നേരത്തെ പോലീസില്‍ പരാതി ലഭിച്ചിരുന്നു. റിയ ചക്രവര്‍ത്തിയ്‌ക്കെതിരെ ആത്മഹത്യാ പ്രേരണാകുറ്റത്തിനാണ് പരാതി ലഭിച്ചിട്ടുള്ളത്. ഇരുവരും പ്രണയബന്ധത്തിലായിരുന്നുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ബിഹാറിലെ മുസാഫര്‍ പൂരിലുള്ള കുന്ദന്‍ കുമാറാണ് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് മുകേഷ് കുമാറിന് മുമ്ബാകെ പരാതി നല്‍കിയിത്. സുശാന്ത് സിംഗിന്റെ ആത്മഹത്യയോടെ മുസാഫര്‍നഗറിലെ സിജെഎം കോടതിയില്‍ ലഭിക്കുന്ന രണ്ടാമത്തെ പരാതിയാണിത്.

ജൂണ്‍ 14നാണ് മുംബൈ ബാന്ദ്രയിലെ അപ്പാര്‍ട്ട്മെന്‍റില്‍ ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്‍പുതിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സിനിമാരംഗത്തെ കിടമത്സരം ഈ കേസില്‍ നിര്‍ണ്ണായകമാണോ എന്ന കാര്യം അന്വേഷിക്കുമെന്ന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്‍മുഖ് പറഞ്ഞിരുന്നു. അന്വേഷണത്തിന്‍റെ ഭാഗമായി മുംബൈ പൊലീസ് റിയ ചക്രബര്‍ത്തിയുടെ മൊഴി ജൂണ്‍ 18നുതന്നെ എടുത്തിരുന്നു.