ദുബായ്: യുഎഇയുടെ ചൊവ്വാ ദൗത്യമായ ഹോപ് പ്രോബ് വിക്ഷേപണം വീണ്ടും മാറ്റി. ജൂലായ് 20നും 22നുമിടയിലായിരിക്കും പുതിയ വിക്ഷേപണ തിയതി. കാലാവസ്ഥ സാഹചര്യത്തിനനുസരിച്ച്‌ വിക്ഷേപണം തീരുമാനിക്കുമെന്ന് യുഎഇ സ്‌പേസ് ഏജന്‍സി ആന്‍ഡ് മുഹമ്മദ് ബിന്‍ റാഷിദ് സ്‌പേസ് സെന്റര്‍ ട്വിറ്ററില്‍ അറിയിച്ചു.

ഇത് രണ്ടാം തവണയാണു ഹോപ് പ്രോബ് വിക്ഷേപണം മാറ്റുന്നത്. പേടകം 15നു പുലര്‍ച്ചെ 12.51നു വിക്ഷേപിക്കാനായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്. തുടര്‍ന്ന് 17നു പുലര്‍ച്ചെ 12.43ലേക്കു വിക്ഷേപണം മാറ്റി. കാലാവസ്ഥ അനുകൂലമാകാതിരുന്നതോടെയാണു വിക്ഷേപണം വീണ്ടും മാറ്റിയത്.

ജപ്പാനിലെ താനെഗാഷിമ ദ്വീപിലെ ബഹിരാകാശ കേന്ദ്രത്തില്‍നിന്ന് എച്ച്‌-രണ്ട് എ റോക്കറ്റ് ഉപയോഗിച്ചാണു വിക്ഷേപണം. ഇവിടെ വരും ദിവസങ്ങളില്‍ ഇടിന്നലിനും അസ്ഥിരമായ കാലാവസ്ഥയ്ക്കു സാധ്യതയുണ്ടെന്നാണു പ്രവചനം. ആകാശം മേഘാവൃതമായിരിക്കും. ഈ സാഹചര്യത്തിലാണു വിക്ഷേപണം മാറ്റിയത്.

കാലാവസ്ഥ അനുകൂലമല്ലെങ്കില്‍ വിക്ഷേപണം വീണ്ടും നീളാനുള്ള സാധ്യതയുണ്ടെന്നാണ് യുഎഇ സ്‌പേസ് ഏജന്‍സി അധികൃതര്‍ നല്‍കുന്ന സൂചന. സുരക്ഷിതമായ റോക്കറ്റ് വിക്ഷേപണം ഉറപ്പാക്കുന്നതില്‍ കാലാവസ്ഥയ്ക്കു പ്രധാന പങ്കാണുള്ളത്. ഓഗസ്റ്റ് മൂന്നു വരെ നീളുന്ന വിക്ഷേപണ ജാലകം എമിറേറ്റ്‌സ് ചൊവ്വാ ദൗത്യത്തിനുണ്ട്.

ചൊവ്വയുടെ കാലാവസ്ഥ പഠിക്കാന്‍ ലക്ഷ്യമിട്ടാണ് യുഎഇ ഹോപ്പ് പ്രോബ് പേടകം അയയ്ക്കുന്നത്. 1.3 ടണ്‍ ഭാരമുള്ള പേടകം 500 ദശലക്ഷം കിലോ മീറ്റര്‍ സഞ്ചരിച്ച്‌ യുഎഇ രൂപീകരണത്തിന്റെ അന്‍പതാം വാര്‍ഷിക വേളയായ 2021 ഫെബ്രുവരിയിലാണ് ലക്ഷ്യസ്ഥാനത്ത് എത്തുക. ഈ മാസം ചൊവ്വയെ ലക്ഷ്യമാക്കി പുറപ്പെടുന്ന മൂന്ന് ദൗത്യങ്ങളിലൊന്നാണ് ഹോപ്പ്. യുഎസിന്റെയും ചൈനയുടെയും ഉപരിതല റോവര്‍ ദൗത്യങ്ങള്‍ അവസാനഘട്ടത്തിലാണ്.

സമീപകാലത്തായി യുഎഇ ബഹിരാകാശ ഗവേഷണരംഗത്ത് വന്‍ മുന്നേറ്റമാണ് നടത്തുന്നത്. യുഎഇയുടെ ആദ്യ ബഹിരാകാശ സഞ്ചാരിയായ ഹസ്സ അല്‍ മന്‍സൂരി കഴിഞ്ഞവര്‍ഷം സെപ്റ്റംബറില്‍ മറ്റു രാജ്യങ്ങളിലെ സഞ്ചാരികള്‍ക്കൊപ്പം രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ എത്തിയിരുന്നു. മുന്‍ സൈനിക പൈലറ്റായ മന്‍സൂരി എട്ടുദിവസത്തിനുശേഷമാണ് തിരിച്ചെത്തിയത്.