തിരുവനന്തപുരം: സംസ്ഥാനത്ത് ആശങ്ക ഉയര്‍ത്തുന്ന വിധത്തില്‍ കൊറോണ വ്യാപിക്കാന്‍ തുടങ്ങിയതോടെ രോഗ പരിശോധനാ നിര്‍ണ്ണയം വിപുലമാക്കേണ്ടതുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. സംസ്ഥാനത്ത് രോഗ പരിശോധനകളുടെ എണ്ണം ദേശീയ ശരാശരിയെ അപേക്ഷിച്ച്‌ കുറവാണ്.

പ്രതിദിന പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കണം. സംസ്ഥാനത്തെ മുഴുവന്‍ ഇഎസ്‌ഐസി ആശുപത്രികളിലും കൊറോണ ടെസ്റ്റിന് അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്ര തൊഴില്‍ വകുപ്പ് മന്ത്രി സന്തോഷ് കുമാര്‍ ഗാങ് വാറിന് അയച്ച കത്തിലാണ് കെ. സുരേന്ദ്രന്‍ ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.

തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക് ഡൗണ്‍ ഏര്‍പ്പെടുത്താന്‍ സംസ്ഥാനം സര്‍ക്കാര്‍ നിര്‍ബന്ധിതമാവുകയായിരുന്നു. രോഗ വ്യാപനം അത്രമേല്‍ ആശങ്ക ഉയര്‍ത്തുന്ന സ്ഥിതിയിലേക്ക് നീങ്ങിയതിനെ തുടര്‍ന്നാണ് ഇത്. സംസ്ഥാനത്തെ രോഗ പരിശോധനകളുടെ എണ്ണം ഇനിയും വര്‍ധിപ്പിക്കേണ്ടതുണ്ട്. അതിനാല്‍ ഇഎസ്‌ഐസി ആശുപത്രികളെ കൂടി കൊറോണ ചികിത്സയുടെ ഭാഗമാക്കി മാറ്റണമെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.