കൊറോണ വ്യാപിക്കുന്ന സാഹചര്യത്തില്‍ രോഗം സ്ഥിരീകരിക്കുന്നവര്‍ക്ക് ചികിത്സ ഉറപ്പാക്കുന്നതിന് എറണാകുളം ജില്ലയില്‍ 10,000 കിടക്കകള്‍ ഉള്ള ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ സജ്ജമാക്കും. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ശരാശരി 100 കിടക്കകള്‍ വീതമുള്ള കേന്ദ്രങ്ങളാണ് ഒരുക്കുക.

കൊറോണ ഇതര രോഗങ്ങള്‍ക്ക് ചികിത്സ ഉറപ്പാക്കാന്‍ ടെലി മെഡിസിന്‍ സംവിധാനവും, സാമ്ബിള്‍ ശേഖരണത്തിനത്തിനായി സ്വാബ് കളക്ഷന്‍ കേന്ദ്രവും അടിയന്തര ആവശ്യങ്ങള്‍ക്കായി ഡബിള്‍ ചേംബര്‍ വാഹനവും ക്രമീകരിക്കാന്‍ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും നിര്‍ദേശം നല്‍കും. എഫ്‌എല്‍ടിസികളിലെ സേവനത്തിനായി പ്രദേശവാസികളായ രണ്ട് വോളന്റീയര്‍മാരെ നിയോഗിക്കും.
കൊറോണ വ്യാപകമായ ചെല്ലാനം മേഖലയില്‍ രണ്ട് ദിവസത്തിനുള്ളില്‍ എഫ്‌എല്‍ടിസി സജ്ജമാക്കും. സെന്റ്. ആന്റണിസ് പള്ളിയോട് ചേര്‍ന്നുള്ള കെട്ടിടമാണ് എഫ്‌എല്‍ടിസി ആയി ഉപയോഗിക്കുക. 50 കിടക്കകള്‍ ഇവിടെ ക്രമീകരിക്കും. ചെല്ലാനം പഞ്ചായത്തില്‍ ആകെ 83 പേര്‍ക്കാണ് ഇത് വരെ രോഗം സ്ഥിരീകരിച്ചത്. ഇന്ന് ഒരു ദിവസം കൊണ്ട് പ്രദേശത്തു നിന്നും 226 പേരുടെ സാമ്ബിളുകള്‍ ശേഖരിക്കും.