വീട്ടില്‍ കൊറോണ നിരീക്ഷണത്തിലിരിക്കെ മരിച്ച നിലയില്‍ കണ്ടെത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുടെ കൊറോണ പരിശോധനാഫലം നെഗറ്റീവ്.പായിപ്പാട് സ്വദേശി കൃഷ്ണപ്രിയയുടെ കൊറോണ പരിശോധനാഫലമാണ് നെഗറ്റീവായത്. റഷ്യയില്‍ എംബിബിഎസ് വിദ്യാര്‍ത്ഥിനിയായ കൃഷ്ണപ്രിയയെ ഇന്നലെ രാത്രിയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ആഴ്ചയാണ് റഷ്യയില്‍ നിന്ന് കൃഷ്ണപ്രിയ നാട്ടിലെത്തിയത്.

അതിനിടെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചയാള്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ഞായറാഴ്ച പുലര്‍ച്ചെ മരിച്ച ചുനക്കര സ്വദേശി നസീറിനാണ് പരിശോധനയില്‍ രോഗം കണ്ടെത്തിയത്. അര്‍ബുദ രോഗിയായ നസീര്‍ കഴിഞ്ഞ രണ്ടിനാണ് സൗദിയില്‍ നിന്നും നാട്ടിലെത്തിയത്. വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.