ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. വേള്‍ഡോമീറ്ററിന്റെ കണക്കനുസരിച്ച്‌ ആകെ രോഗികളുടെ എണ്ണം 12,378,854 ആയി ഉയര്‍ന്നു. മരണസംഖ്യ 556,601 ആയി. 7,182,395 പേര്‍ രോഗമുക്തി നേടി.

അമേരിക്കയില്‍ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. അറുപതിനായിരത്തിലധികം പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്.ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 3,219,999 ആയി. ഇന്നലെ മാത്രം ആയിരത്തില്‍ കൂടുതലാളുകളാണ് യു.എസില്‍ മരണമടഞ്ഞത്. ആകെ മരണസംഖ്യ 135,822 ആയി ഉയര്‍ന്നു.

ബ്രസീലില്‍ പുതുതായി നാല്‍പതിനായിരത്തിലധികം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 1,759,103 ആയി ഉയര്‍ന്നു. രാജ്യത്ത് 69,254 മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്.

ഇന്ത്യയിലും രോഗവ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്.794,842 പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. 21,623 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.അതേസമയം കൊവിഡ് രോഗികള്‍ക്ക് പ്രതീക്ഷ നല്‍കി ആഗോളതലത്തില്‍ രോഗപ്രതിരോധത്തിന് ഉപയോഗിക്കുന്ന റെംഡിസിവിര്‍ മരുന്ന് ഇന്ത്യയില്‍ ഉത്പാദനം തുടങ്ങി. ഇന്ത്യയിലെ പ്രമുഖ മരുന്ന് നിര്‍മാതാക്കളായ സിപ്ല ഇത് സംബന്ധിച്ച റപ്പോര്‍ട്ടുകള്‍ സ്ഥിരീകരിച്ചതായി ദേശീയ മാദ്ധ്യമങ്ങള്‍ റപ്പോര്‍ട്ട് ചെയ്യുന്നു. സിപ്രെമി എന്നപേരിലാണ് മരുന്ന് പുറത്തിറക്കുന്നത്. 100 മില്ലി ഗ്രാമിന്റെ ചെറു മരുന്നു കുപ്പിക്ക് 4,000 രൂപയാണ് ഈടാക്കുന്നത്. 53.34 യുഎസ് ഡോളര്‍ എന്നത് ആഗോള അടിസ്ഥാനത്തില്‍ ഏറ്റവും കുറവാണെന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം, വിലയെക്കുറിച്ച്‌ സിപ്ല ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല