ന്യൂഡല്‍ഹി: കൊവിഡ്-19 സ്ഥിരീകരിച്ച ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സൊനാരോ വേഗം സുഖം പ്രാപിക്കട്ടെയെന്ന ആശംസയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയായിരുന്നു മോദിയുടെ ആശംസ. ചൊവ്വാഴ്ചയാണ് ബ്രസീല്‍ പ്രസിഡന്റിന് വൈറസ് ബാധ സ്ഥിരീകരിച്ചത്.

എന്റെ സുഹൃത്ത് പ്രസിഡന്റ് ജെയര്‍ ബോള്‍സൊനാരോ, താങ്കള്‍ വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുന്നു, പ്രാര്‍ഥിക്കുന്നു. മോദി ട്വിറ്ററില്‍ കുറിച്ചു. ഇംഗ്ലീഷിനു പുറമെ ബ്രസീലിലെ ഔദ്യോഗിക ഭാഷയായ പോര്‍ച്ചുഗീസിലും അദ്ദേഹം ആശംസ നേര്‍ന്നിട്ടുണ്ട്.

ലോകത്താകെ കൊവിഡ് പ്രോട്ടോക്കോള്‍ നിലവില്‍ വന്നിരുന്നെങ്കിലും ബോല്‍സോനാരോ അതൊന്നും വകവച്ചിരുന്നില്ല. 65 കാരനായ ബോല്‍സോനാരോ പൊതുസ്ഥലത്ത് ഇറങ്ങിനടക്കുകയും പലര്‍ക്കും കൈ കൊടുക്കുകയും തിരക്കില്‍ നില്‍ക്കുകയും ചെയ്യുമായിരുന്നു. അത്‌ലറ്റ് എന്ന തന്റെ ചരിത്രം വൈറസ് ബാധിക്കുന്നതില്‍ നിന്ന് തന്നെ രക്ഷിക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഇതൊരു ‘ചെറിയ പനി’ മാത്രമാണെന്നും അതിനപ്പുറമില്ലെന്നും ബോല്‍സോനാരോ പറഞ്ഞു.

കൊവിഡ് ബാധിക്കുന്നതിനെ തടയാനാവില്ലെന്നും അതിനു വേണ്ടി ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി സാമ്ബത്തിക പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാനാവില്ലെന്നും അദ്ദേഹം വാദിച്ചു. അത് ചെയ്യുന്നതിലൂടെ വൈറസിനേക്കാള്‍ അപകടമാണ് ഉണ്ടാവാന്‍ പോകുന്നതെന്നും പറഞ്ഞിരുന്നു.

പ്രസിഡന്റിന്റെ നിലപാടില്‍ പ്രതിഷേധിച്ച്‌ ഡോക്ടറും ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുകയും ചെയ്തിരുന്ന മന്ത്രി രണ്ടു മാസം മുന്‍പ് രാജിവച്ചിരുന്നു. തുടര്‍ന്ന് ഇടക്കാല ആരോഗ്യമന്ത്രിയായി ചുമതലയേറ്റ, ഈ രംഗത്ത് ഒരു പരിചയവുമില്ലാത്തയാളാണ് ഇപ്പോള്‍ കൊവിഡ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്.

ബ്രസീലില്‍ ഇതുവരെ ഒന്നരക്കോടി പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. 65,000 പേര്‍ മരണപ്പെടുകയും ചെയ്തു. രണ്ടും ലോകത്തെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ നിരക്കാണ്. യു.എസ് മാത്രമാണ് ബ്രസീലിനു മുമ്ബിലുള്ളത്. തൊട്ടു പിന്നാലെ ഇന്ത്യയും.