ലണ്ടന്‍| കൊറോണ വൈറസ് മനുഷ്യ ശരീരത്തിലെ തലച്ചോറിന് തകരാറുണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന് ശാസ്ത്രജ്ഞര്‍. ഇതുമൂലം കൊവിഡ് രോഗികളില്‍ വ്യാകുലത, ബുദ്ധിഭ്രമം, ഉന്മാദാവസ്ഥ, ദഹന പ്രശ്‌നങ്ങള്‍ തുടങ്ങിയ അവസ്ഥകള്‍ പ്രകടമാകുമെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കി. കൊവിഡ് രോഗികള്‍ ഉയരുന്ന സാഹചര്യത്തില്‍ മസ്തിഷ്‌ക പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നവരുടെ എണ്ണം വര്‍ധിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്.

ലണ്ടനിലെ യൂണിവേഴ്‌സിറ്റി കോളജ് നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. കൊവിഡ് രോഗികളില്‍ നടത്തിയ പഠനത്തില്‍ ചിലര്‍ക്ക് താല്‍ക്കാലിക മസ്തിഷ്‌ക രോഗങ്ങള്‍, ഹൃദയാഘാതങ്ങള്‍, നാഡികളുടെ തകരായുകള്‍ തുടങ്ങി ഗുരുതരമായ രോഗങ്ങള്‍ അനുഭവപ്പെടുന്നതായി കണ്ടെത്തിയെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.

കൊവിഡ് 19 മൂലം ഉണ്ടാകുന്ന രോഗം ശ്വാസപ്രക്രിയയെ തകരാറിലാക്കുന്ന ശ്വാസകോശത്തെ ബാധിക്കുന്ന അസുഖമാണ്. എന്നാല്‍, വൈറസ് തലച്ചോറിനെ ബാധിക്കും എന്നതിന്റെ തെളിവുകള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണെന്നാണ് ന്യൂറോ ഗവേഷകരും മസ്തിഷ്‌ക വിദഗ്ദരും പറയുന്നത്.

1918 ലെ സ്പാനിഷ് ഫ്‌ലൂവിന് സേഷം 1920കളിലും 1930കളിലും പൊട്ടിപ്പുറപ്പെട്ട എന്‍സെഫലൈറ്റിസ് ലെതാര്‍ജിക്ക എന്ന സ്ലീപ്പിംഗ് സിക്ക്‌നെസ് അവസ്ഥക്ക് സമാനമായ ഒരു മസ്തിഷ്‌ക തകരാറ് ഉണ്ടാകാന്‍ സാധ്യതയുണ്ട്. ലണ്ടന്‍ ശാസ്ത്ര സംഘത്തിലെ ഗവേഷകനായ മൈക്കിള്‍ സാന്‍ഡി പറഞ്ഞു. ചുറ്റും സംഭവിക്കുന്നതിനെക്കുറിച്ച്‌ ധാരണയുണ്ടെങ്കിലും പ്രതികരക്കാനാവാത്ത മരവിപ്പില്‍ തുടരേണ്ടി വരുന്ന അവസ്ഥയാണ് എന്‍സെഫലൈറ്റിസ് ലെതാര്‍ജിക്ക. വിശപ്പോ മറ്റ് വികാരങ്ങളോ പ്രകടിപ്പിക്കാന്‍ ഈ രോഗാവസ്ഥയിലുള്ളവര്‍ക്ക് കഴിയില്ല.