-പി പി ചെറിയാൻ

ഡാളസ് ;മുംബൈ ഭദ്രാസനാധിപൻ  റൈറ്റ്‌ റവ.ഡോ.ഗീവര്‍ഗീസ്‌ മാര്‍ തിയോഡോഷ്യസ്എപ്പിസ്കോപ്പ  2020 ജൂലൈ 12 നു ഞായറാഴ്ച്ച രാവിലെ 9 മണിക് തിരുവല്ല പൂലാത്തിൻ ചാപ്പലിൽ  വിശുദ്ധ കുർബാനയോടെ ആരംഭിക്കുന്ന ഭക്തി നിർഭരമായ ചടങ്ങിൽ  മാർത്തോമാ സഭയുടെ സഫ്രഗൻ മെത്രാപോലിത്ത യായി  അഭിഷക്തനാകുന്നു. ഇപ്പോൾ  നിലവിലുള്ള മുംബൈ ഭദ്രാനത്തിന്റെ ചുമതലയിൽ തുടരുന്നതിനും അതോടൊപ്പം റാണി  വൈക്കം  ടി എം എ എം മാർത്തോമാ സെന്ററിൽ താമസിച്ചു  റാന്നി നിലക്കൽ ഭദ്രാസന ചുമതലയും തിരുമേനി നിർവഹിക്കും .ജൂലൈ 1 നു ചേർന്ന എപ്പിസ്കോപ്പൽ സിനഡാണ് ഇതു സംബഡിച്ചു തീരുമാനമെടുത്തത് .കോവിഡ് 19 പ്രോട്ടോകോൾ നിലനിൽക്കുന്നതിനാൽ ചടങ്ങിൽ പങ്കെടുക്കുന്നതിനു വളരെ പരിമിതികളുണ്ട് ..ആയതിനാൽ സഭയുടെ വെബ്സൈറ്റിലൂടെയും  സാമൂഹിക  മാധ്യമങ്ങളിലൂടെയും ഏവരും പ്രാർത്ഥനാപൂർവ്വംചടങ്ങിൽ പങ്കെടുക്കണമെന്ന് അഭിവന്ദ്യ ജോസഫ് മാർത്തോമാ മെത്രാപോലിത്ത അഭ്യർത്ഥിച്ചിട്ടുണ്ട് .
ഈശ്വര സൃഷ്ടിയുടെ മകുടമാണ്‌ മനുഷ്യന്‍, മനോഹരിയായ പ്രകൃതിയും’ ഇവ രണ്ടിനേയും ഒരു പോലെ സ്‌നേഹിക്കുകയും, ആദരിക്കുകയും, സംരക്ഷിക്കുകയും ചെയ്യുന്നതിലൂടെ മറ്റുള്ളവരില്‍ നിന്ന്‌ വ്യത്യസ്ഥത പുലര്‍ത്തുകയും, അജഗണ പരിപാലനത്തില്‍ പുതിയ മാനം കണ്ടെത്തുകയും ചെയ്‌ത മുൻ നോര്‍ത്ത്‌ അമേരിക്കാ യൂറോപ്പ്‌ ഭദ്രാസനാധിപന്‍ റൈറ്റ്‌ റവ.ഡോ.ഗീവര്‍ഗീസ്‌ മാര്‍ തിയോഡോഷ്യസ്‌ മാര്‍ത്തോമ സഭയുടെ സഭയുടെ സഫ്രഗൻ മെത്രാപ്പോലീത്ത പദവിയിലേക്ക് പ്രവേശിക്കുന്നുവെന്നത്  മാർത്തോമാ സഭാ  വിശ്വാസികൾക്ക് അഭിമാനകരമായ നിമിഷമാണ്
അഷ്ടമുടി ഇമ്മാനുവേൽ  മാർത്തോമാ ഇടവകയിലെ കിഴക്കേ ചക്കാലയിൽ ഡോ.കെ.ജെ.ചാക്കോയുടേയും മേരിയുടെയും മകനായി  1949  ഫെബ്രുവരി 19ന്‌ ആയിരുന്നു ജനനം. കോട്ടയം എം ടി സെമിനാരി സ്കൂളിൽ നിന്നും   പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം ബസേലിയസ് കോളേജിൽ നിന്നും ബിരുദ പഠനവും പൂർത്തീകരിച്ചു. തുടർന്നു ദൈവീക വിളി ഉള്‍കൊണ്ട്‌.  ജബല്‍പൂര്‍ ലിയനോര്‍ഡ്‌ തിയോളജിക്കല്‍ സെമിനാരിയില്‍ നിന്നും ദൈവശാസ്‌ത്രത്തില്‍ ബിരുദം നേടി 1972 ഫെബ്രുവരി 4ന്‌ സഭയുടെ പൂര്‍ണ സമയ പട്ടത്വ ശുശ്രൂഷയിലേക്ക്‌ പ്രവേശിച്ചു.
1989 ഡിസംബര്‍ 9ന്‌ ഗീവര്‍ഗീസ്‌ മാര്‍ അത്താനാസിയോസ്‌, യൂയാക്കിം മാര്‍ കൂറിലോസ്‌ എന്നിവരോടൊപ്പം ഗീവര്‍ഗീസ്‌ മാര്‍ തിയോഡോഷ്യസ്‌ സഭയുടെ മേല്‍ പട്ടസ്ഥാനത്ത്‌ അവരോധിതനായി.
1990 -93 മദ്രാസ്‌ – കുന്നംകുളം , 93 – 97 കുന്നംകുളം- മലബാര്‍ ഭദ്രാസന ചുമതല ഏറ്റെടുത്തതു മുതല്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഊന്നല്‍ നല്‍കി ഭദ്രാസനാതിര്‍ത്തിയിലുളള ചേരി പ്രദേശങ്ങളിലും കാനാലുകളുടെ ഓരങ്ങളിലും കഴിയുന്ന അശരണര്‍ അനാഥര്‍ രോഗികള്‍ എന്നിവരുടെ ഭവനങ്ങള്‍ സന്ദര്‍ശിച്ചു. അവരെ ആശ്വസിപ്പിക്കുന്നതിനും ആവശ്യമായ സഹായങ്ങള്‍ നല്‌കുന്നതിനും തിരുമേനി നല്‍കിയ നേതൃത്വം മലബാറിലെ ജനങ്ങളുടെ മനസ്സില്‍ സജീവമായി നിലനില്‌ക്കുന്നു. 1997 ഒക്‌ടോബര്‍ മുതല്‍ തിരുവനന്തപുരം കൊല്ലം, 2005 ഓഗസ്റ്റ്‌ മുതല്‍ മദ്രാസ്‌ ബാംഗ്ലൂര്‍, ഭദ്രാസനാധിപനായും നിലവിൽ മുംബെയ് ഭദ്രാസനാധിപനായും തിരുമേനിയുടെ നേതൃത്വത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ നിസ്സീമമാണ്‌. മാര്‍ത്തോമ യുവജന സംഖ്യം പ്രസിഡന്റായി ചുമതലയേറ്റെടുത്തത്‌ യുവാക്കളെ സഭയുടെ മുഖ്യധാരയിലേക്ക്‌ ആകര്‍ഷിക്കുന്നതിന്‌ പ്രചോദകമായി. യുവജന സഖ്യത്തിന്റെ കര്‍മ്മ പരിപാടികളും ബോധവല്‍ക്കരണ സെമിനാറുകളും പഠന സമ്മേളനങ്ങളും സംഘടിപ്പിച്ചു. ഭാവി തലമുറക്ക്‌ പ്രതീക്ഷയും ഉത്തേജനവും നല്‍കികൊണ്ടുളള തിരുമേനിയുടെ പ്രവര്‍ത്തന ശൈലി യുവജനങ്ങള്‍ക്കെന്നും ഒരു മാതൃകയും വെല്ലുവിളിയുമായിരുന്നു.
ട്രാൻസ് ജൻഡർ വിഭാഗത്തിൽ പെട്ടവരുടെ ഉന്നമനത്തിനായും അവരെ സമൂഹത്തിന്റെ മുഖ്യ ധാരയിലേക്ക് കൈ പിടിച്ചുയർത്തുന്നതിനും  തിരുമേനിയുടെ നേത്ര്വത്തിൽ നടത്തുന്ന പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.
ക്രിസ്‌തു കേന്ദ്രീകൃത ജീവിത ശൈലി, സാമ്പത്തിക അച്ചടക്കവും സുതാര്യതയും കര്‍മ്മ നിരതയും ക്രമീകൃതവുമായ പ്രവര്‍ത്തനശൈലി, അതുല്യമായ നേതൃത്വ പാടവം, ഭരണ കര്‍ത്താവും, സംഘാടകര്‍, മനുഷ്യ സാമൂഹ്യ സ്‌നേഹി, പ്രകൃതി സ്‌നേഹി, വായനാ ശീലന്‍, ഗ്രന്ഥകാരന്‍ തുടങ്ങിയ സദ്‌ഗുണങ്ങള്‍ ഉള്‍ക്കൊളളുന്ന ഏവര്‍ക്കും മാതൃകയായി സ്വീകരിക്കാവുന്ന വ്യക്തിത്വം പത്രദൃശ്യമാധ്യമങ്ങള്‍ക്ക്‌ മുഖം നല്‍കാതെ അകന്നു നിന്നും, കൊട്ടിഘോഷിക്കപ്പെടാത്ത പ്രവര്‍ത്തന രീതി ഉള്‍കൊണ്ടും മറ്റുളളവരില്‍ നിന്നും വ്യത്യസ്ഥത പുലര്‍ത്തുന്ന തിയോഡോഷ്യസ്‌ തിരുമേനി 2009 ജനുവരി അഞ്ചിനാണ്‌ ഭദ്രാസന ചുമതലയേറ്റെടുക്കുന്നതിന്‌ ന്യൂയോര്‍ക്ക്‌ വിമാനത്താവളത്തില്‍ വന്നിറങ്ങിയത്‌. അന്ന്‌ മുതല്‍ ഇന്ന്‌ വരെ മേല്‍ വിശേഷങ്ങള്‍ക്ക്‌ ഒരു പോറല്‍ പോലും ഏല്‌പിക്കാതെ വ്യത്യസ്‌ത സംസ്‌കാരങ്ങളുടെ സങ്കലന ഭൂമിയാല്‍ കാലാനസൃത മാറ്റങ്ങള്‍ ഉള്‍കൊണ്ട്‌ ഭദ്രാസന പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുവാന്‍ കഴിഞ്ഞു എന്നത്‌ അഭിമാനത്തിന്‌ വക നല്‍കുന്നു.
നോര്‍ത്ത്‌ അമേരിക്കയിലെ മാര്‍ത്തോമ സഭാ വിശ്വാസികള്‍ക്ക്‌ ഭദ്രാസന സില്‍വര്‍ ജൂബിലി ഒരിക്കല്‍ കൂടെ ആഘോഷിക്കുവാന്‍ അവസരം ഒരുക്കിയതിന്റെ മുഴുവന്‍ ക്രെഡിറ്റും തിയോഡോഷ്യസ്‌ തിരുമേനിക്ക്‌ മാത്രം അര്‍ഹതപ്പെട്ടതാണ്‌. ഒരു വര്‍ഷത്തെ പ്രത്യേക പ്രാര്‍ഥനകള്‍ക്കും തയ്യാറെടുപ്പുകള്‍ക്കും ഒടുവില്‍ കൊട്ടും കുരവയുമില്ലാതെ നടത്തിയ നിശ്ശബ്ദവും പ്രൗഢ ഗംഭീരവുമായ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ നോര്‍ത്ത്‌ അമേരിക്കന്‍ ഭദ്രാസനത്തില്‍ മാര്‍ത്തോമ സഭയുടെ ആത്മീയവും ഭൗതീകവുമായ അന്തസ്‌ വാനോളം ഉയര്‍ത്തി. ഭദ്രാസന സില്‍വര്‍ ജൂബിലിയോടനുബന്ധിച്ച്‌ ദീര്‍ഘ വീക്ഷണത്തോടെ പ്രഖ്യാപിച്ച വിവിധ പ്രൊജക്ടുകളില്‍ പാട്രിക്ക്‌ മിഷന്‍ പ്രോജക്‌റ്റിന്‌ സഭാ ജനങ്ങളില്‍ നിന്നും മെത്രാപ്പോലീത്തായില്‍ നിന്നും വര്‍ദ്ധിച്ച പ്രോത്സാഹനമാണ്‌ ലഭിച്ചത്‌. ഒക്കലഹോമയിലെ നാറ്റീവ്‌ മിഷന്‍ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട്‌ കാറില്‍ സഞ്ചരിക്കവെ ഒരു അപകടത്തില്‍പെട്ട്‌ അകാലത്തില്‍ പൊലിഞ്ഞു പോയ സഭാ വ്യത്യാമെന്യേ ഏവരുടേയും പ്രശംസക്ക്‌ പാത്രി ഭൂതനായ ഡാലസ്‌ സെന്റ്‌ പോള്‍സ്‌ ഇടവകാംഗമായ പാട്രിക്‌ മരുതുംമൂട്ടിലിന്റെ അതുല്യ സേവനത്തിന്റെ അംഗീകാരമായിരുന്നു പ്രാര്‍ഥനാ പൂര്‍വ്വം പ്രഖ്യാപിച്ച പാട്രിക്‌ മിഷന്‍ പ്രോജക്‌റ്റ്‌ തിരുമേനിയുടെ നേതൃത്വത്തില്‍ നടത്തിയ നിശബ്ദ പ്രവര്‍ത്തനങ്ങള്‍ മുംബൈ ഭദ്രാസനത്തിന്റെ ചുമതല യിലേക്ക് നിയമിക്കപ്പെടും മുന്പ് ഫലപ്രാപ്‌തിയിലേക്ക്‌ നീങ്ങിയിരുന്നു
ഇതര മത വിശ്വാസങ്ങളേയും ആദരിക്കുകയും അവരുമായി സഹകരിക്കാവുന്ന മേഖലകളില്‍ സഹകരിക്കുകയും ചെയ്യുന്നതില്‍ തിരുമേനി പ്രത്യേകം ശുഷ്‌ക്കാന്തി പ്രകടപ്പിക്കുന്നു. ശ്രീനാരായണ ഗുരുവിന്റെ സ്വാധീനം എന്ന വിഷയത്തെ അധികരിച്ചു നടത്തിയ ഗവേഷണങ്ങള്‍ക്ക്‌ വിശ്വഭാരതി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ലഭിച്ച ഡോക്ടറേറ്റ്‌ ഇതിനടിവരയിടുന്നു.
സമ്മര്‍ദ്ദ തന്ത്രങ്ങള്‍ക്ക്‌ വംശവദനാകാതെ ആത്മീയ ആചാര്യനെന്ന നിലയില്‍ സൂക്ഷ്‌മതയോടും ദൈവിക ബോദത്തോടും നീതിയോടും ഭരണ ഘടനക്കു വിധേയമായി നീതി നിര്‍വ്വഹണം നടത്തുന്നതില്‍ തിരുമേനി വളരെ ദത്തശ്രദ്ധനാണ്‌. മൂന്നര വര്‍ഷക്കാലം നന്മ മാത്രം ചെയ്‌തും രോഗികളെ സൗഖ്യമാക്കിയും ദൈവരാജ്യം പ്രസംഗിച്ചും ഭൂമിയില്‍ സഞ്ചരിച്ച പാപ രഹിതനായ ക്രിസ്‌തു ദേവനെ കോടതികള്‍ മാറി മാറി വിസ്‌തരിച്ചിട്ടും ഒരു കുറ്റവും കണ്ടെത്തനാകാതെ ?ഇവനെ ക്രൂശിക്ക, ക്രൂശിക്ക എന്ന ജനങ്ങളുടെ ആരാവാരങ്ങള്‍ക്ക്‌ മുമ്പില്‍ തല കുനിച്ചു. ക്രിസ്‌തുവിനെ ക്രൂശിക്കുവാന്‍ ഏല്‌പിക്കുകയും അനീതിയും അധര്‍മ്മവും നിയമ ലംഘനവും നടത്തിയ ബബെറാസിനെ മോചിപ്പിക്കുകയും ചെയ്‌ത പീലാത്തോസ്‌ എന്ന ഭരണ കര്‍ത്താവ്‌ നീതി ന്യായ വ്യവസ്ഥക്ക്‌ തീരാ കളങ്കമാണെന്ന്‌ ഉറച്ചു വിശ്വസിക്കുകയും പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്‌ത തിരുമേനിയുടെ നീതി നിര്‍വ്വഹണം സഭാ ജനങ്ങളുടെ പ്രശംസക്ക്‌ പാത്രീഭൂതമായിട്ടുണ്ട്‌.
സഭാ ജനങ്ങളില്‍ മാത്രമല്ല ആരുമായി ഇടപെടുന്നവോ, അവരുടെ മനസ്സില്‍ സ്ഥിര പ്രതിഷ്‌ഠ നേടിയെടുക്കുവാന്‍ കഴിയുന്ന സ്വഭാവ വൈശിഷ്ട്യത്തിന്റെ ഉടമയാണ്‌ തിയോഡോഷ്യസ്‌ തിരുമേനി. മനുഷ്യരെ സ്‌നേഹിക്കുവാന്‍ മാത്രം ശീലിച്ചിട്ടുളള തിരുമേനി പ്രകൃതിയേയും അതിരറ്റ സ്‌നേഹിക്കുന്നു. എപ്പിസ്‌കോപ്പല്‍ സിൽവർ ജൂബിലി പ്രമാണിച്ചു പ്രഖ്യാപിച്ചിട്ടുള്ള ഗോയിങ്‌ ഗ്രീന്‍ പ്രോജക്‌റ്റ്‌ പ്രവര്‍ത്തനം നോര്‍ത്ത്‌ അമേരിക്കന്‍ – യൂറോപ്പ്‌ ഭദ്രാസന വിശ്വാസികളില്‍ പുതിയൊരു ദിശാബോധം വളര്‍ത്തിയെടുകുകയും . പല കേന്ദ്രങ്ങളിലും തിരുമേനി നേരിട്ടു തന്നെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുകയും  ചെയ്തിരുന്നു  നാം ജീവിക്കുന്ന ഭൂമിയുടെ ആരോഗ്യം നിലനിര്‍ത്തണമെങ്കില്‍ പ്രകൃതി സംരക്ഷിക്കപ്പെടേണ്ടതുണ്ട്‌. ഈ അവബോധം കേരളത്തില്‍ നിന്നും കുടിയേറി പാര്‍ക്കുന്ന മലയാളികളില്‍ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യമാണ്‌ ഗോയിങ്‌ ഗ്രീന്‍ എന്ന പദ്ധതിയിലൂടെ ലക്ഷ്യമിട്ടിരുന്നത് ‌.ഭദ്രാസന സില്‍വര്‍ ജൂബിലി പ്രോജക്ടുകള്‍ സഫലീകൃതമാകുന്നതോടൊപ്പം ഈ പദ്ധതിയും പൂര്‍ത്തീകരിക്കപ്പെടുക തന്നെ ചെയ്യും..

മര്‍ത്തോമ സഭയുടെ പരമാധ്യക്ഷൻ ജോസഫ് മാർത്തോമയുടെ കീഴിൽ സഫ്രഗൻ മെത്രാപോലിത്ത  പദവിയിലേക്ക് ഉയർത്തപ്പെടുന്ന   മൂന്നാമത്തെ എപ്പിസ്കോപ്പയാണ് അഭിവന്ദ്യ തിയോഡോഷ്യസ്‌ തിരുമേനി. കാല യവനികക്കുള്ളിൽ മറഞ്ഞ  സക്കറിയാസ് മാർ തെയോഫിലോസ് , ഗീവര്ഗീസ്‌ മാർ അത്തനാസിയോസ് എന്നിവരായിരുന്നു മറ്റു രണ്ടു പേർ . സഫ്രഗൻ മെത്രാപോലിത്ത പദവിയിലേക്കുയർത്തപ്പെടുന്ന  തിയോഡോഷ്യസ്‌ തിരുമേനിക്ക് നിരവധി വെല്ലുവിളികളാണ് ഏറ്റെടുക്കാനുള്ളത്.  അതിനെയെല്ലാം വിജയപൂർവ്വം തരണംചെയ്തു  മാർത്തോമാ സഭയുടെ  ആത്മീയവും ഭൗതീകവുമായ വളര്‍ച്ചയില്‍ കൂടുതല്‍ സംഭാവനകള്‍ നല്‍കുവാന്‍ കഴിയട്ടെ എന്ന്‌ ആശംസിക്കുന്നതോടൊപ്പം ആരോഗ്യവും ദീര്‍ഘായുസും ലഭിക്കട്ടെ എന്ന്‌ പ്രാര്‍ഥിക്കുകയും ചെയ്യുന്നു.