ഗാസിയാബാദ്: മെഴുക് തിരി നിര്‍മ്മാണ ശാലയിലുണ്ടായ തീപിടുത്തതില്‍ 7 പേര‍് മരിച്ചു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് ജില്ലയിലെ മോദി നഗറിലാണ് അപകടമുണ്ടായത്. 6 സ്ത്രീകളും 16 വയസുകാരനായ ആണ്‍കുട്ടിയുമാണ് മരിച്ചത്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. ഗാസിയാബാദില്‍ നിന്നടക്കം നിരവധി ഫയര്‍ഫോഴ്സ് യൂണിറ്റുകളെത്തിയാണ് തീ അണച്ചത്.

അപകടത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തി. ഗാസിയാബാദ് ജില്ലാ മജിസ്‌ട്രേറ്റ് അജയ്ശങ്കര്‍ പാണ്ഡെ, സീനിയര്‍ പോലീസ് സൂപ്രണ്ട് കലാനിധി നൈതാനി എന്നിവരില്‍ ന്ന് മുഖ്യമന്ത്രി അപകടത്തെ കുറിച്ച്‌ റിപ്പോര്‍ട്ട് തേടുകയും ചെയ്തിട്ടുണ്ട്.

ലൈസന്‍സില്ലാതെ അനധികൃതമായാണ് ഫാക്ടറി പ്രവര്‍ത്തിക്കുന്നതെന്നും ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്ത വരേണ്ടതുണ്ടെന്നും പോലീസ് അറിയിച്ചു. കൃത്യനിര്‍വ്വഹണത്തില്‍ പാളിച്ച വരുത്തിയെന്ന കാരണത്താല്‍ പ്രദേശത്ത് പോലീസ് എയ്ഡ് പോസ്റ്റിലെ ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.

ജന്മദിന കേക്കുകളില്‍ ഉപയോഗിക്കുന്ന മെഴുക് തിരികളാണ് ഇവിടെ നിര്‍മ്മിച്ചിരുന്നത്. ഇതിനായി സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ചിരുന്നു. ഇതാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. മരിച്ച ഏഴു തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് 4 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു ഭരണകൂടം അറിയിച്ചു. പരിക്കേറ്റവര്‍ 50000 രൂപ വീതവും നല്‍കും.