ചെന്നൈ : തൂത്തുക്കുടിയില്‍ പിതാവിനെയും മകനെയും കസ്റ്റഡിയിലെടുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായ പൊലീസുകാര്‍ക്ക് ജയിലില്‍ സഹതടവുകാരുടെ മര്‍ദ്ദനം. തൂത്തുക്കുടി ജില്ലയിലെ പേരൂറാനി സബ് ജയിലിലാണ് സത്താന്‍കുളം സ്റ്റേഷനിലെ പൊലീസുകാര്‍ക്കെതിരെ ആക്രമണമുണ്ടായത്.

ശനിയാഴ്ച വൈകീട്ട് നാലോടെയാണ് പ്രതികള്‍ക്കെതിരെ ജയിലില്‍ ആക്രമണമുണ്ടായത്.
ജയില്‍ വാര്‍ഡന്മാരെത്തി ഉദ്യോഗസ്ഥരെ രക്ഷിച്ചു. ഇവരെ മധുരൈ ജയിലിലേക്ക് മാറ്റി പാര്‍പ്പിക്കാനാണ് ജയിലധികൃതരുടെ തീരുമാനം. പ്രതികള്‍ പരസ്പരം സംസാരിച്ചുകൊണ്ട് നില്‍ക്കുന്നതിനിടെ സഹതടവുകാര്‍ ആക്രമിക്കുകയായിരുന്നാണ് ജയില്‍ അധികൃതര്‍ പറയുന്നത്.

സാത്താന്‍കുളത്ത് പൊലീസുകാര്‍ പിതാവിനെയും മകനെയും കൊലപ്പെടുത്തിയതു സംബന്ധിച്ച വാര്‍ത്ത തടവുകാര്‍ അറിഞ്ഞിരുന്നെന്നും പ്രതികളായ പൊലീസുകാര്‍ക്കെതിരെ അവര്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തിയിരുന്നെന്നും അതാണ് ആക്രമണത്തില്‍ കലാശിച്ചതെന്നും ജയില്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ജയില്‍ ഉദ്യോഗസ്ഥര്‍ ഏറെ പണിപ്പെട്ടാണ് പൊലീസുകാരെ ആക്രമണത്തില്‍ നിന്നും രക്ഷിച്ച്‌ സെല്ലില്‍ എത്തിച്ചത്. ഇവരെ മധുരൈ ജയിലിലേക്ക് മാറ്റി പാര്‍പ്പിക്കാനാണ് ജയിലധികൃതരുടെ തീരുമാനം. സാത്താന്‍കുളം സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ ശ്രീധര്‍, എസ്‌ഐമാരായ ബാലകൃഷ്ണന്‍, രഘു ഗണേഷ്, കോണ്‍സ്റ്റബിള്‍മാരായ മുത്തുരാജ്, മുരുകന്‍ എന്നിവരാണ് ആക്രമണത്തിന് ഇരയായത്.

കസ്റ്റഡി കൊലപാതകത്തില്‍ സിബിസിഐഡിയുടെയും ഐജിയുടെയും എസ്പിയുടെയും നേതൃത്തില്‍ 12 അംഗ പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്. കഴിഞ്ഞ ബുധനാഴ്ച അര്‍ദ്ധരാത്രിയോടെയാണ് എസ്.ഐ ബാലകൃഷ്ണന്‍, കോണ്‍സ്റ്റബിള്‍ മുരുകന്‍ എന്നിവര്‍ അറസ്റ്റിലായത്.

ലോക്ഡൗണ്‍ നിയമം ലംഘിച്ച്‌ കട തുറന്നുവെന്ന പേരില്‍ ജൂണ്‍ 19-ന് അറസ്റ്റ് ചെയ്യപ്പെട്ട ജയരാജ്, മകന്‍ ബെന്നിക്സ് എന്നിവരാണ് പോലീസ് പീഡനത്തെ തുടര്‍ന്ന് മരിച്ചത്. കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് പോലീസിനെതിരെ ഗുരുതര ആരോപണവുമായി ബന്ധുക്കളെത്തി. ഹൈക്കോടതിയും സ്വമേധയാ കേസെടുത്തിരുന്നു. സംഭവത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധവും ഉയര്‍ന്നിരുന്നു.