കൊച്ചി: നഗരപരിധിയില്‍ ഉറവിടമറിയാത്ത കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചതിനാല്‍ ജില്ലാഭരണകൂടം കര്‍ശന നടപടി തുടങ്ങി. നിയന്ത്രിത മേഖലകളിലെ റോഡുകള്‍ പോലിസ് അടച്ചു. അഞ്ച് ഡിവിഷനുകളില്‍ എക്‌സിറ്റ്, എന്‍ട്രി പോയിന്റുകള്‍ ഒന്നുമാത്രമാക്കി. എറണാകുളം ജില്ലയില്‍ ഇന്നലെ 13 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ ആറുപേര്‍ക്ക് രോഗം വന്നതിന്റെ ഉറവിടം വ്യക്തമായിട്ടില്ല. പറവൂരിലെ സെമിനാരി വിദ്യാര്‍ഥി, വെണ്ണല സ്വദേശിയായ ആക്രിക്കച്ചവടക്കാരന്‍, പാലാരിവട്ടത്തുള്ള എല്‍ഐസി ജീവനക്കാരന്‍, തൃക്കാക്കര സ്വദേശിയായ വീട്ടമ്മ, കടവന്ത്ര സ്വദേശി നേവി ഉദ്യോഗസ്ഥ, ആലുവ സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ എന്നിവരുടെ രോഗ ഉറവിടമാണ് കണ്ടെത്താനാവാത്തത്. ഇവരുടെ പ്രാഥമിക സമ്ബര്‍ക്കപ്പട്ടികയില്‍ തന്നെ നിരവധി പേരുള്ളത് ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. ഇവരില്‍ പലരും നഗരത്തിലെ ആശുപത്രികള്‍ സന്ദര്‍ശിച്ചതായി കണ്ടെത്തിയിട്ടുണ്ട്. രോഗികളുടെ എണ്ണം കൂടിയാല്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ വേണ്ടിവരുമെന്നാണ് വിലയിരുത്തല്‍.