തിരുവനന്തപുരം: സിപിഐക്ക് പിന്നാലെ ജോസ് കെ മാണിയുള്ള സഹകരണത്തെ എതി‍ര്‍ത്ത് ജെഡിഎസ്സും രംഗത്ത് . ജോസിന്‍റ സമ്മര്‍ദ്ദ തന്ത്രത്തിന് എല്‍ഡിഎഫ് തലവെക്കേണ്ടെന്ന് ജെഡിഎസ് സെക്രട്ടറി ജനറല്‍ ജോര്‍ജ്ജ് തോമസ് പറഞ്ഞു. അതിനിടെ കേരള കോണ്‍ഗ്രസ്സിനെ പ്രശംസിച്ച്‌ ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രനും കളത്തില്‍ വന്നു.

ജോസിനായി കൈനീട്ടിയ സിപിഎം ശ്രമങ്ങളെ പൂര്‍ണ്ണമായും തള്ളിക്കൊണ്ടാണ് കാനം എതിര്‍പ്പ് ഉയര്‍ത്തിയത്. സഹകരണത്തെ ചൊല്ലി എല്‍ഡിഎഫിലെ ഭിന്നത രൂക്ഷമാക്കിയാണ് മറ്റൊരു ഘടക കക്ഷിയായ ജെഡിഎസ്സും നിലപാട് വ്യക്തമാക്കിയത്. ജോസിനോടുള്ള കാനത്തിന്‍്റെ എതിര്‍പ്പ് സിപിഐ കോട്ടയം ജില്ലാ സെക്രട്ടറിയും ആവര്‍ത്തിച്ചു. സിപിഎം കഴിഞ്ഞാല്‍ കോട്ടയത്ത് കരുത്ത് കേരള കോണ്‍ഗ്രസ്സിനാണെന്ന സിപിഎം ജില്ലാ സെക്രട്ടറിയുടെ പ്രസ്താവനയാണ് സിപിഐ ജില്ലാ നേതൃത്വം തള്ളിയത്.

ഉടക്കിട്ടെങ്കിലും സിപിഎം സെക്രട്ടറിയേറ്റ് തീരുമാനം ഉറ്റുനോക്കുകയാണ് സിപിഐ സംസ്ഥാന ഘടകം. അതേ സമയം സിപിഎമ്മിന് പിന്നാലെ കേരള കോണ്‍ഗ്രസ്സിനെ പുകഴ്ത്തി ബിജെപിയും രംഗത്തു വന്നിട്ടുണ്ട്. കുമ്മനം ബിജെപി പ്രസിഡന്‍്റായിരിക്കേ മാണിയെ എന്‍ഡിഎയില്‍ എത്തിക്കാനുള്ള നീക്കങ്ങളെ മുരളീപക്ഷമാണ് എതിര്‍ത്തത്. ഇന്ന് അവര്‍ ജോസിന്‍റെ വരവ് ആഗ്രഹിക്കുന്നു.