ഇരുളിന്റെ ഇടനാഴിയിൽ
ഒരു ജാലകം മെല്ലെ തുറന്നു
പുലരി തൻ ആദ്യകിരണം
പിച്ചവച്ചുള്ളിലേക്ക് എത്തി

പ്രണയാർദ്രമെൻ കാതിൽ
മൊഴിഞ്ഞു
നിന്നെ തൊട്ടുണർത്താൻ
ഞാനെത്തി
മഞ്ഞിൻ കുളിരുള്ള ചുണ്ടാൽ
ആർദ്രമെൻ കവിളിലിമർത്തി..

വർണ്ണച്ചിറകുള്ള തേരിൽ എന്നെ
വാരിയെടുത്തു പറന്നു..
നീലമലകളെ തഴുകിയിറങ്ങുന്ന
വെൺമേഘങ്ങൾക്ക് ഇടയിലുടെ.

പച്ചവിരിയിട്ട താഴ്‌വാരങ്ങളിൽ
പാറിപ്പറന്നു നടന്നു ഞാൻ
കുളിരുള്ള കാറ്റിനെ വാരിപ്പുതപ്പിച്ച
അരുവിയിൽ ഒഴുകി നടന്നു..

സൂര്യൻ വർണ്ണങ്ങൾ വാരിവിതറി
മാരിവിൽ ചാരുത ചാർത്തി..
സ്വർണ്ണ നിറമുള്ള പൂമ്പാറ്റയായി
പൂക്കൾക്കു പ്രിയമായ് മാറി..