കേരളത്തില്‍ എസ്‌എസ്‌എല്‍സി പരീക്ഷയില്‍ റെക്കോര്‍ഡ് വിജയശതമാനമാണ് കേരളത്തില്‍ ഉണ്ടായിരിക്കുന്നത്. 98.82 ശതമാനം പേര്‍ വിജയിച്ചു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 0.71 ശതമാനം കൂടുതലാണിത്. അതേസമയം വിജയികളെ അഭിനന്ദിച്ച്‌ വൈദ്യുതി മന്ത്രി എംഎം മണി രംഗത്തെത്തിയിരിക്കുകയാണ് നിശ്ചയദാര്‍ഢ്യമുള്ള സര്‍ക്കാര്‍ മുന്നിലുണ്ടെന്ന ധൈര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയെന്ന് മന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. പോസ്റ്റ് ഇങ്ങനെ

എസ്‌എസ്‌എല്‍സി: 98.82 ശതമാനം വിജയം. വിജയം കരസ്ഥമാക്കിയ എല്ലാ വിദ്യാര്‍ത്ഥികളെയും അനുമോദിക്കുന്നു. പരാജയപ്പെട്ടവര്‍ നിരാശരാകരുത്; ശ്രമിച്ചാല്‍ നിങ്ങള്‍ക്കും വിജയിക്കാന്‍ കഴിയും. ‘സേ’ പരീക്ഷയിലൂടെ വിജയം നേടാന്‍ കഴിയട്ടെയെന്ന് ആശംസിക്കുന്നു. കൊറോണ തങ്ങളുടെ ഒരു വര്‍ഷം നഷ്ടപ്പെടുത്തുമോ എന്ന ആശങ്കയിലും വിഷമത്തിലും ആയിരുന്നു നമ്മുടെ കുട്ടികള്‍. അവരുടെ ഭാവി മുന്നില്‍ക്കണ്ടാണ് ഏറ്റവും ഉചിതമായ സമയത്ത് നൂറ് ശതമാനവും ആരോഗ്യ സുരക്ഷിതത്വം ഉറപ്പു വരുത്തി പരീക്ഷ നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

പക്ഷേ, ആ തീരുമാനവുമായി മുന്നോട്ടു പോകാന്‍ കോവിഡ് എന്ന മഹാമാരിയെ മാത്രമല്ല, പരീക്ഷ നടത്തുന്നതിനെതിരെ കലി കയറി ‘ചിഹ്നം’ വിളിച്ചുനിന്ന പ്രതിപക്ഷത്തെയും കൂടി നേരിടേണ്ടി വന്നു. ഈയൊരവസരത്തില്‍പ്പോലും വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും ഒരു വിധത്തിലുള്ള പ്രയാസവും ഉണ്ടാകാതെ മികച്ച സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയാണ് വിജയകരമായി പരീക്ഷ നടത്തിയത്.

തങ്ങളുടെ മുന്നില്‍ നിശ്ചയദാര്‍ഢ്യമുള്ള ഒരു സര്‍ക്കാരുണ്ട് എന്ന വിശ്വാസത്തോടും ധൈര്യത്തോടും തന്നെയാണ് ഓരോ വിദ്യാര്‍ത്ഥിയും പരീക്ഷ എഴുതിയത്. ഇന്നിതാ സമയബന്ധിതമായിത്തന്നെ ഫലവും പ്രഖ്യാപിച്ചിരിക്കുന്നു. മഹാമാരിക്കിടയില്‍ ലോകത്തിനു തന്നെ മാതൃകയായി പരീക്ഷ നടത്താനും തുടര്‍ന്ന് വളരെ വേഗം തന്നെ ഫലം പ്രഖ്യപിക്കാനും വേണ്ടി പ്രവര്‍ത്തിച്ച അദ്ധ്യാപകര്‍, വിദ്യാഭ്യാസ മേഖലയിലെ ജീവനക്കാര്‍, അരോഗ്യ പ്രവര്‍ത്തകര്‍, പൊലീസ് സേനാംഗങ്ങള്‍, വിദ്യാര്‍ത്ഥി, യുവജന പ്രസ്ഥാനങ്ങള്‍ തുടങ്ങി എല്ലവര്‍ക്കും അഭിനന്ദനങ്ങളെന്ന് മന്ത്രി കുറിച്ചു.

കേരളത്തില്‍ 4.22092 വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയെന്നും, ഇതില്‍ 4,17101 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടിയെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. മോഡറേഷനില്ലാതെയാണ് ഇത്രയും ഉയര്‍ന്ന വിജയ ശതമാനം നേടിയത്. എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് 41906 പേര്‍ നേടി. മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് എ പ്ലസ് ലഭിച്ചത്.